ന്യൂദല്‍ഹി: വയനാട് ദുരന്തത്തെ രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിച്ച എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടിയ അടിയാണ് ഹര്‍ത്താലിനെതിരായ ഹൈക്കോടതി വിമര്‍ശനമെന്ന് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍. നവംബര്‍ 16ന് ഉന്നതതല സമിതി ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 153.4 കോടി സഹായം അനുവദിച്ചു. ഇക്കാര്യം മറച്ചുവച്ചാണ് നവം. 19ന് ഹര്‍ത്താല്‍ നടത്തിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയലാഭത്തിന് മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ ഉപയോഗിക്കുകയായിരുന്നു എല്‍ഡിഎഫും യുഡിഎഫുമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ബിജെപി ദേശീയ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്താനന്തര ആവശ്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ്-പിഡിഎന്‍എ) സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത് നവം. 13 നാണെന്ന് ഹൈക്കോടതിയില്‍ വ്യക്തമായി. വലിയൊരു ദുരന്തത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ നാലു മാസം വൈകിയത് ദുരൂഹമാണ്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസഹായം ലഭിച്ചില്ലെന്ന വാദമുഖം സൃഷ്ടിക്കാന്‍ ഇന്‍ഡി സഖ്യം ഗൂഢാലോചന നടത്തിയതാകും. പ്രിയങ്കക്ക് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചെന്ന് സംശയിക്കുന്നു. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും ഇനിയെങ്കിലും വയനാട്ടിലെ ജനതയോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക