ജോര്‍ജ്ടൗണ്‍: ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ കൂടിക്കാഴ്‌ച്ച നടത്തി. ലോകകപ്പ് നേടിയ സമയത്തെ ക്യാപ്ടന്‍ ക്ലൈവ് ലോയ്ഡ്, ബാറ്റ്‌സ്മാന്‍ ആല്‍വിന്‍ കാളിചരണ്‍, മുന്‍ സ്പിന്നര്‍ ദേവേന്ദ്ര ബിഷു എന്നിവര്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു.
ക്രിക്കറ്റ് പരിപോഷിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്പര്യം ചൂണ്ടിക്കാട്ടിയ ക്ലൈവ് ലോയ്ഡ് ഗയാനയില്‍ നിന്നുള്ള കളിക്കാര്‍ക്ക് ഭാരതത്തില്‍ പരിശീലനത്തിന് അവസരം ലഭ്യമാക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായും മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹവുമായി നല്ലൊരു സംഭാഷണമാണ് നടന്നത്. നമ്മുടെ 11 കളിക്കാര്‍ക്ക് ഭാരതത്തില്‍ പരിശീലനം നല്‍കാമെന്ന് മോദി ഉറപ്പുനല്‍കി. അദ്ദേഹത്തെപോലെയുള്ള പ്രധാനമന്ത്രിയാണ് നമുക്കാവശ്യം,’- ലോയ്ഡ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് വളരെ സവിശേഷമാണെന്ന് ആല്‍വിന്‍ കാളിചരണും പ്രതികരിച്ചു. അദ്ദേഹത്തിന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരെയും ഭാരതവുമായുള്ള കളികളുമെല്ലാം ഓര്‍മയുണ്ട്. യുവക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഭാരതം നല്‍കുന്ന സഹായം വിലപ്പെട്ടതാണെന്നും കാളിചരണ്‍ പറഞ്ഞു. ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് മോദിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക