Cricket

പെര്‍ത്തില്‍ സീം സീന്‍; ഭാരതം 150ന് പുറത്ത്, ഓസീസ് 67/7

Published by

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പുതിയ പതിപ്പിന്റെ ഉദ്ഘാടന ദിനം സീമര്‍മാര്‍ കൈയ്യടക്കി. ഇന്നലെ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഇവിടെ പുറത്തായത് 17 ബാറ്റര്‍മാര്‍. എല്ലാ വിക്കറ്റും നേടിയത് സീമര്‍മാര്‍. പെര്‍ത്തില്‍ ആദ്യ ദിനത്തില്‍ കൂടുതല്‍ വിക്കറ്റ് വീണതില്‍ റിക്കാര്‍ഡാണിത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഭാരതം 49.4 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്ക് ഭാരത സീമര്‍മാരുടെ ഏഴ് വിക്കറ്റ് വീഴ്‌ത്തികൊണ്ടുള്ള മറുപടി. അവര്‍ ആകെ നേടിയിരിക്കുന്നത് 27 ഓവറില്‍ 67 റണ്‍സ്.

ഓസീസിന് തിരിച്ചടി നല്‍കാന്‍ ഭാരതത്തിനായി മുന്നില്‍ നിന്നത് നായന്‍ ജസ്പ്രീത് ബുംറ തന്നെ. 150 റണ്‍സില്‍ ഒതുങ്ങിപ്പോയ സ്വന്തം ടീം ടോട്ടലിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തുടങ്ങിയത് ന്യൂബോള്‍ എറിഞ്ഞ നായകന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍. ഈ സമയം കൊണ്ട് 14 റണ്‍സെടുത്ത ആതിഥേയര്‍ക്കായി രണ്ട് ബൗണ്ടറി സഹിതം 10 റണ്‍സുമായി നിന്ന നഥാന്‍ മക് സ്വീനിയെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഓസീസ് ബാറ്റര്‍മാര്‍ ഭാരത പേസര്‍മാരുടെ സീം കരുത്തും അറിഞ്ഞു തുടങ്ങി. അത് അടിവരയിട്ടുകൊണ്ട് ബുംറയുടെ അടുത്ത ആഘാതമെത്തി. 6.4-ാം പന്തില്‍ അപകടകാരിയായ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു.

ഓസീസ് തിരിച്ചടിക്ക് അതിലും കനത്ത പ്രതികരണമാണ് ഭാരത സീം ബൗളിങ്ങിനുള്ളതെന്ന വിളംബരമായിരുന്നു ഈ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ പരിചയ സമ്പന്നനായ കരുത്തന്‍ താരം സ്റ്റീവന്‍ സ്മിത്തിനെ ലെഗ് ബിഫോറാക്കി ബുംറ മത്സരം സന്ദര്‍ശകരുടെ വരുതിയിലാക്കുകയാണെന്ന് ഉറപ്പിച്ചു. ഓസീസ് മൂന്നിന് 19 എന്ന നിലയില്‍ പരുങ്ങി. പിന്നെ പ്രതിരോധത്തില്‍ അഭയം പ്രാപിച്ച് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. 12-ാം ഓവര്‍ എറിയാനെത്തിയ പേസര്‍ ഹര്‍ഷിത് റാണ തട്ടുപൊളിപ്പന്‍ ബാറ്റര്‍ ട്രാവിസ് ഹെഡി(11)ന്റെ കുറ്റി തെറിപ്പിച്ച് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. അരങ്ങേറ്റം കുറിച്ച ഹര്‍ഷിതിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തായിരുന്നു അത്.

ഭാരത സീമര്‍മാരെ ഓസീസ് വല്ലാതെ ഭയപ്പെട്ടു എന്നതിന് 52 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സെടുത്ത് പുറത്തായ മാര്‍നസ് ലഭൂഷെയ്‌നെക്കാള്‍ വലിയ ഉദാഹരണമില്ല. ഓസീസ് സ്‌കോര്‍ 50 റണ്‍സെത്തും മുമ്പേ ആയിരുന്നു ഓസീസിന് ഈ വിശ്വസ്ത ബാറ്ററെ നഷ്ടമായത്. മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. അതിനും മുമ്പേ മിച്ചല്‍ മാര്‍ഷിനെ(ആറ്) കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് സിറാജും രംഗത്ത് കരുത്തറിയിക്കാന്‍ തുടങ്ങിയിരുന്നു.

ടോട്ടല്‍ സ്‌കോര്‍ 47 ആകുമ്പോഴേക്കും ഓസീസിന്റെ ആറ് വിക്കറ്റുകളും വീണു. പിന്നീട് നായകന്‍ പാറ്റ് കമ്മിന്‍സ്(മൂന്ന്) ആണ് ഇന്നലെ പുറത്തായ ഒരേയൊരു ഓസീസ് ബാറ്റര്‍. ഭാരത നായകന്‍ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടവുമായി നില്‍ക്കുകയാണ് ബുംറ. മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരെ(19)യും മിച്ചല്‍ സ്റ്റാര്‍ക്കും(ആറ്) ആണ് ക്രീസില്‍.

സീമര്‍മാരെ അഭൂതപൂര്‍വ്വമായി പിന്തുണച്ച പെര്‍ത്തിലെ പിച്ചില്‍ ഭാരതത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കെ.എല്‍. രാഹുല്‍(74 പന്തില്‍ 26), മധ്യനിര ബാറ്റര്‍ ഋഷഭ് പന്ത്(78 പന്തില്‍ 37), ബിലോ മിഡില്‍ ഓര്‍ഡറിലെ നിതീഷ് റെഡ്ഡി(59 പന്തില്‍ 41) എന്നിവരുടെ ചെറുത്തു നില്‍പ്പിന്റെ ബലത്തിലാണ് സ്‌കോര്‍ 150ലെത്തിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ദേവതത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോള്‍ മുന്‍ നായകനും പരിചയ സമ്പന്നനായ വിരാട് കോഹ്‌ലിക്കും നേടാനായത് അഞ്ച് റണ്‍സ് മാത്രം. ധ്രുവ് ജുറെലും(11) വാഷിങ് ടണ്‍ സുന്ദറിനും(നാല്) അധികം പിടിച്ചു നില്‍ക്കാനായില്ല. ഹര്‍ഷിത് റാണ(ഏഴ്), ബുംറ(എട്ട്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സിറാജ്(പൂജ്യം) പുറത്താകാതെ നിന്നു. നിതീഷ് റെഡ്ഡി ആണ് അവസാനമായി പുറത്തായത്.

ഓസീസിനായി നാല് വിക്കറ്റ് നേട്ടവുമായി ജോഷ് ഹെയ്‌സല്‍വുഡ് മുന്നില്‍ നിന്ന് നയിച്ചു. രണ്ട് വീക്കറ്റ് വീതം നേടി നായകന്‍ കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പിന്തുണ നല്‍കി. സ്പിന്നര്‍ നഥാന്‍ ല്യോണ്‍ അഞ്ച് ഓവര്‍ എറിഞ്ഞ് 23 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് പോലും നേടിയില്ല. ഈ തിരിച്ചറിവിലാകണം ഭാരതനായകന്‍ സ്പിന്നര്‍മാര്‍ക്കാര്‍ക്കും ഇതുവരെ പന്ത് നല്‍കിയിട്ടില്ല. ഫൈനല്‍ ഇലവനില്‍ പരിചയ സമ്പന്നരായ ആര്‍. അശ്വിനെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയിട്ടുമില്ല. പേസര്‍മാരില്‍ ആകാശ് ദീപിനെയോ പ്രസീദ്ധ് കൃഷ്ണയെയോ പരിഗണിക്കാതെ ഹര്‍ഷിത് റാണയ്‌ക്ക് അരങ്ങേറ്റത്തിന് വഴിയൊരുക്കിയതും ശ്രദ്ധേയമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by