മോസ്കോ: ഉക്രൈന്‍ നഗരമായ ഡിനിപ്രോയിൽ പരീക്ഷണാത്മക ഹൈപ്പർസോണിക് ഇൻ്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട് റഷ്യ. റഷ്യയെ മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ യുഎസിന്റെയും ബ്രിട്ടന്റെയും നീക്കങ്ങൾക്ക് മോസ്കോ മറുപടി നൽകുമെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് ആക്രമണം നടത്തിയതെന്ന് ക്രെംലിൻ പറഞ്ഞു. ഉക്രേനിയൻ സൈനിക കേന്ദ്രത്തിൽ മോസ്‌കോ പുതിയ മിസൈൽ ഒറെഷ്‌നിക് അല്ലെങ്കിൽ ഹേസൽ ട്രീ തൊടുത്തുവിട്ടതായി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സംസാരിക്കുന്നത് . ആക്രമണത്തെക്കുറിച്ച് അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകാൻ റഷ്യ ബാധ്യസ്ഥരല്ലെന്നും എന്നാൽ വിക്ഷേപണത്തിന് 30 മിനിറ്റ് മുമ്പ് യുഎസിനെ അറിയിച്ചിരുന്നുവെന്നും പെസ്കോവ് പറഞ്ഞു.
മിസൈല്‍ റഷ്യയില്‍നിന്ന് 700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡിനിപ്രോയിൽ എത്തിയത്. സൈനിക വ്യാവസായിക സമുച്ചയത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ രണ്ട് സധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തതായി ഉക്രേനിയന്‍ അധികൃതര്‍ പറഞ്ഞു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉക്രൈനിലെ പ്രാദേശിക ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത മിസൈല്‍ ആണിതെന്നു പറഞ്ഞ പുടിന്‍ അതിന്റെ ആണവശേഷിയെക്കുറിച്ചുള്ള സൂചനയും നല്‍കി.
പാശ്ചാത്യ സഖ്യകക്ഷികള്‍ സംഭാവന ചെയ്ത ആയുധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ആവശ്യത്തെത്തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്‌ക്കുള്ളിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ വിതരണം ചെയ്ത ലോങ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്‌നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക