Kerala

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്; എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

Published by

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങുമെന്നും മന്ത്രി ഡോ. ബിന്ദുവും കായികവകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുക. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാതല കമ്മിറ്റികള്‍ ഉണ്ടാകും. കമ്മിറ്റിയില്‍ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിര്‍വ്വഹണ സമിതി.

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ‘ഹോം ആന്റ് എവേ’ മത്സരങ്ങളാണ് നടക്കുക. ജില്ലാ തല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും പ്രൊഫഷണല്‍ കളിക്കാരും എത്തും.

സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും – മന്ത്രിമാർ അറിയിച്ചു.

സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവ്വും വളർച്ചയും ഇതുവഴി കൈവരിക്കാനാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സ്പോർട്സ് ലീഗിന്റെ ലോഗോ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക വകുപ്പ് മന്ത്രിയും ചേർന്ന് വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക