കൊല്‍ക്കൊത്ത: ഒരു ചെസ് താരത്തിന് കൊതിക്കാവുന്നതിനുമപ്പുറം മാഗ്നസ് കാള്‍സന്‍ നേടി. അഞ്ച് തവണ ക്ലാസിക് ചെസ്സില്‍ ലോകചാമ്പ്യനായി. അഞ്ച് തവണ റാപ്പിഡ് ചെസില്‍ ലോകചാമ്പ്യനായി. ഏഴ് തവണ ബ്ലിറ്റ്സ് ചെസില്‍ ലോക ചാമ്പ്യനായി. എന്നാല്‍ ഇപ്പോഴും ഏത് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്താലും കപ്പ് നേടുക എന്നതില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവും മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വ്വെയിലെ ചെസ് താരത്തിനില്ല.
ഇക്കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ റാപ്പിഡിലും ബ്ലിറ്റ്സിലും ചാമ്പ്യനായി. അര്‍ജുന്‍ എരിഗെയ്സി മുതല്‍ പ്രജ്ഞാനന്ദ വരെ ഉണ്ടായിട്ടും ആര്‍ക്കും മാഗ്നസ് കാള്‍സന്റെ കുതിപ്പിന് തടയിടാനായില്ല. അതിവേഗ ചെസ് ടൂര്‍ണ്ണമെന്‍റായ ബ്ലിറ്റ്സില്‍ ആദ്യ റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ പക്ഷെ അവസാന റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയോട് പക വീട്ടിയെന്ന് മാത്രമല്ല, കിരീടവും സ്വന്തമാക്കി. പ്രജ്ഞാനന്ദയ്‌ക്ക് ഇക്കുറി മാഗ്നസ് കാള്‍സനെ തൊടാന്‍ പോലുമായില്ല. ചില കളികളില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു.
ആദ്യറൗണ്ടില്‍ തിരിച്ചടി നേടിയാലും മനസാന്നിധ്യം വിടാതെ വീണ്ടും വിജയത്തിലേക്ക് തിരിച്ചുവരുന്ന മാഗ്നസ് കാള്‍സന്റെ കരളുറപ്പ് കാള്‍സന് മാത്രം സ്വന്തം. ചെസ്സില്‍ നോര്‍വ്വെയില്‍ നിന്നുള്ള അത്ഭുത ബാലനായിരുന്നു മാഗ്നസ് കാള്‍സന്‍. 13ാം വയസ്സില്‍, കൊല്ലവര്‍ഷം 2004ല്‍ ഒരേ ടൂര്‍ണ്ണമെന്‍റില്‍ ചെസിലെ ഇതിഹാസമായ കാസ്പറോവുമായി സമനിലയില്‍ പിരിയുകയും അനറ്റോലി കാര്‍പോവിനെ തോല്‍പിക്കുകയും ചെയ്തിരുന്നു മാഗ്നസ് കാള്‍സന്‍. ചെസ്സില്‍ 2800 എന്ന റേറ്റിംഗ് നേടുന്ന പ്രായം കുറഞ്ഞ താരമായിരുന്നു മാഗ്നസ് കാള്‍സന്‍ (പിന്നീട് 2021ല്‍ ഫ്രാന്‍സിന്റെ അലിറെസ് ഫിറൂഷ ഈ റെക്കോഡ് തകര്‍ത്തു). 2013ല്‍ ലോകചാമ്പ്യനായ അദ്ദേഹം 2014, 2016,2018, 2021 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. പിന്നീട് ലോകകിരീടത്തിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് അടുത്ത വര്‍ഷം മുതല്‍ ലോകചാമപ്യന്‍പട്ടത്തിന് മത്സരിക്കുന്നത് അവസാനിപ്പിച്ചു. അതേ സമയം അതിവേഗ ചെസ് ഗെയിമുകളായ റാപ്പിഡിലും ബ്ലിറ്റ്സിലും മാറ്റുരച്ചു.
അത്ഭുതപ്രതിഭ
അപാരമായ ഓര്‍മ്മ ശക്തിയായിരുന്നു മാഗ്നസ് കാള്‍സന്റെ പ്രത്യേകത. രണ്ടാം വയസ്സില്‍ 50 പീസുകളുള്ള ജിഗ്സോപസില്‍ വരെ പരിഹരിച്ചിരുന്നു കാള്‍സന്‍. 10 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ജിഗ്സോ പസില്‍ രണ്ടാം വയസ്സിലേ മാഗ്നസ് കാള്‍സന്‍ പരിഹരിക്കുമായിരുന്നു. അഞ്ചാം വയസ്സില്‍ അച്ഛന്‍ ഹെന്‍റിക് കാള്‍സന്‍ മാഗ്നസിനെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുപോകും മുന്‍പ് ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളും കൊടികളും മനപാഠമാക്കിയ കുട്ടിയായിരുന്നു ജീനിയസായ മാഗ്നസ് കാള്‍സന്‍. ആദ്യമൊന്നും ചെസ്സിനോട് കമ്പമുണ്ടായില്ല. എന്നാല്‍ ക്രമേണ അദ്ദേഹം ചെസ്സിലേക്ക് തിരിഞ്ഞു.
ചെസ് ബുക്കുകള്‍ വായിച്ചും, പലതരം കോമ്പിനേഷനുകള്‍ ആവര്‍ത്തിച്ച് കളിച്ചും ഒക്കെയാണ് മാഗ്നസ് കാള്‍സന്‍ ചെസ്സിലെ അവഗാഹം വര്‍ധിപ്പിച്ചത്. സ്കാന്‍ഡിനേവിയന്‍ ഗ്രാന്‍റ് മാസ്റ്ററായ ബെന്‍റ് ലാഴ്സന്‍ രചിച്ച ഫൈന്‍ ദ പ്ലാന്‍ ആയിരുന്നു കാള്‍സനെ സ്വാധീനിച്ച ഒരു ചെസ് പുസ്തകം. ഗ്രാന്‍റ് മാസ്റ്റര്‍ സിമെന്‍ അഗ്ഡെസ്റ്റീന്‍ ആയിരുന്നു മാഗ്നസ് കാള്‍സനെ കരുപ്പിടിപ്പിച്ച കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: