റിയോ ഡി ജനീറോ : ബ്രസീൽ ആസ്ഥാനമാക്കി വേദാന്തവും ഭഗവദ്ഗീതയും ജനങ്ങൾക്കിടയിൽ പ്രചാരത്തിലാക്കുന്ന ജോനാസ് മസെറ്റിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബ്രസീലിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് വിശ്വനാഥ് എന്നറിയപ്പെടുന്ന മസെറ്റിയെ മോദി സന്ദർശിച്ചത്. കൂടാതെ സംസ്‌കൃതത്തിലുള്ള രാമായണത്തിന്റെ നേർക്കാഴ്ചകളും അദ്ദേഹം ഇവിടെ വീക്ഷിച്ചു.
“ജൊനാസ് മസെറ്റിയെയും സംഘത്തെയും കണ്ടു. വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ കുറിച്ച് മൻകി ബാത്ത് പ്രോഗ്രാമുകളിലൊന്നിൽ ഞാൻ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘം സംസ്‌കൃതത്തിൽ രാമായണത്തിന്റെ ദൃശ്യങ്ങൾ അവതരിപ്പിച്ചു,”- ഫോട്ടോകൾക്കൊപ്പം മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്നും മോദി എക്സിൽ കൂട്ടിച്ചേർത്തു.
സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മസെറ്റി. എന്നാൽ പിന്നീട് ഇന്ത്യൻ സംസ്‌കാരത്തിൽ പ്രത്യേകിച്ച് വേദാന്തയിൽ ആകൃഷ്ടനായി ആത്മീയതയിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം.
ബ്രസീലിന്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ മലനിരകളിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ‘വിശ്വവിദ്യ’ എന്ന സ്ഥാപനം കാണാനാകും. അദ്ദേഹം വേദാന്തം പഠിക്കുകയും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും പതിവായി ഓൺലൈൻ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അദ്ദേഹം സൗജന്യ ഓപ്പൺ കോഴ്‌സ് പഠിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക