മൈസൂരു : മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി പോലീസിന് മുമ്പാകെ മൊഴി നൽകി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ രേഖകളുമായി സ്വാമി പോലീസ് ഓഫീസിൽ എത്തിയതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു.
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ലോകായുക്ത ഉദ്യോഗസ്ഥർ മല്ലികാർജുനയോട് ആരാഞ്ഞതായിട്ടാണ് വിവരം. ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി കേസിൽ മൂന്നാം നമ്പർ പ്രതിയായ മല്ലികാർജുന സ്വാമിയെ നേരത്തെയും ചോദ്യം ചെയ്തിരുന്നു.
മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ പാർവതി ബിഎമ്മും പ്രതികളാണ്. ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയായ പാർവതിക്ക് മൈസൂരു ഉപമാർക്കറ്റിലെ 14 സൈറ്റുകൾ മുഡ അനുവദിച്ചത് ലോകായുക്ത പോലീസ് അന്വേഷിച്ച് വരികയാണ്. സാമൂഹിക പ്രവർത്തകയായ സ്‌നേഹമയി കൃഷ്ണയുടെ പരാതിയെത്തുടർന്നാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: