Kerala

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം; ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവ്

Published by

ന്യൂദൽഹി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ പുന:രന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ആൻ്റണി രാജു വിചാരണ നേരിടണമെന്നും അധികം വൈകാതെ തുടർനടപടികൾ ആരംഭിക്കാനും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സി.ടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയ്‌ക്കെതിരെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി ഉത്തരവ് എന്നാണ് വിവരം. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ആന്റണി രാജു അടക്കമുള്ള പ്രതികളോട് അടുത്ത മാസം 20 ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചു.

ഓസ്ട്രേലിയൻ പൗരൻ പ്രതിയായ ലഹരി കേസിൽ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ഇതിൽ പുന:രന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആന്റണി രാജു സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. പുന:രന്വേഷണത്തിനായുള്ള ഹെക്കോടതി ഉത്തരവ് പിൻവലിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു.

അടിവസ്ത്രത്തിൽ ഹാഷിഷുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവാദോർ സാർലി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പിടിയിലാകുന്നത്. അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജുവിന്റെ സീനിയർ സെലിൻ വിൽഫ്രണ്ടാണ് ഓസ്ട്രേലിയൻ പൗരന് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവിന് വിധിച്ചിരുന്നു.

പിന്നീട് ഇയാളെ ഹൈക്കോടതി വെറുതേ വിടുകയായിരുന്നു. പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് പ്രതിയെ വെറുതേ വിട്ടത്. എന്നാൽ ജൂനിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by