മുംബൈ: മഹാരാഷ്‌ട്രയിൽ പോളിങ് പുരോഗമിക്കുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതും വോട്ടവകാശം വിനിയോഗിച്ചു. രാവിലെ ഏഴ് മണിക്ക് നാഗ്പൂരിലെ ഭൗജി ദഫ്താരി മെമ്മോറിയൽ പ്രൈമറി സ്കൂളിലാണ് മോഹൻ ഭാഗവത് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും 100 ശതമാനം പോളിങ് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും അവകാശമാണെന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉത്തരാഖണ്ഡിലായിരുന്നുവെന്നും വോട്ടവകാശം വിനിയോഗിക്കാനായാണ് നാഗ്പൂരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഞാൻ ആദ്യം വോട്ട് രേഖപ്പെടുത്തുകയും പിന്നീടായിരിക്കും മറ്റ് ജോലികൾ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി നേതാവ് അജിത് പവാറും ഭാര്യ സുനേത്ര പവാറും പൂനെ ജില്ലയിലെ ബാരാമതി ഏരിയയിലെ കടേവാഡിയിൽ വോട്ട് രേഖപ്പെടുത്തി. ബാരാമതിയിലെ ജനങ്ങൾ എനിക്ക് പിന്നിൽ നിൽക്കുമെന്നും വലിയ ലീഡോടെ സീറ്റ് നേടുമെന്നും അജിത് പവാർ പറഞ്ഞു. ബാരാമതി നിയമസഭാ സീറ്റിൽ മരുമകനും എൻസിപി (എസ്പി) സ്ഥാനാർത്ഥിയുമായ യുഗേന്ദ്ര പവാറിനെതിരെയാണ് ഉപമുഖ്യമന്ത്രി മത്സരിക്കുന്നത്. ബാരാമതിയിൽ മാതാപിതാക്കളോടൊപ്പം യുഗേന്ദ്ര പവാറും വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 6.6 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, അക്ഷയ് കുമാർ രാജ്കുമാർ റാവു, സംവിധായകൻ കബീർ ഖാൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക