തിരുവനന്തപുരം: ലാലേട്ടനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍. ന്യൂജെന്‍ ജിമ്മുകളും ഹെല്‍ത്ത് ക്ലബ്ബുകളും ജനിക്കുന്നതിനു മുമ്പ് 1924 ലാണ് വഞ്ചിയൂരില്‍ ഈ ഗുസ്തിക്കളം സ്ഥാപിതമായത്. മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രഗത്ഭര്‍ പയറ്റിത്തെളിഞ്ഞത് ഇവിടെയാണ്.
വഞ്ചിയൂരില്‍ നിന്ന് പാറ്റൂര്‍ റോഡിലേക്ക് തിരിയുന്ന വഴിയുടെ തലമുറകള്‍ക്ക് സൗജന്യ നിരക്കില്‍ ആയോധന പരിശീലനവും ആത്മവിശ്വാസവും പകര്‍ന്ന് വീരകേരള നിലകൊള്ളുന്നത്. തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ കായികവിഭാഗം പരിശീലകന്‍ കുട്ടന്‍പിള്ള എന്ന ശ്രീനാരായണ പിള്ളയാണ് രാജകുടുംബത്തിന്റെ പിന്തുണയോടെ ജിംഖാന തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരനാണ് വീരകേരള എന്ന് പേരിട്ടത്. ഉദ്ഘാടനം നിര്‍വഹിച്ചത് സര്‍ സി.പിയും.

1977 78 കാലഘട്ടത്തില്‍ തുടുത്ത കവിളുകളും, കട്ടിമീശയുമുള്ള, ഒരു തടിച്ച പയ്യന്‍ മുടവന്‍മുകളില്‍ നിന്ന് ഇവിടെ എന്നും പരിശീലനത്തിന് എത്തുമായിരുന്നു. സ്ഥിരോത്സാഹിയായ അയാള്‍ ഗുസ്തിമത്സരങ്ങളില്‍ ഒന്നാമനായി. അവന്‍ പിന്നീട് ലോകമറിയുന്ന ചലച്ചിത്ര താരം മോഹന്‍ലാലായി. മലയാളികളുടെ സ്വന്തം ലാലേട്ടന്‍… സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ തന്റെ അനായാസ പ്രകടനത്തിന് അടിത്തറയിട്ടത് വീരകേരളയുടെ ശിക്ഷണമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പലയാവര്‍ത്തി. സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ജിംഖാന പ്രവര്‍ത്തിക്കുന്നത്. പഴമയുടെ പ്രതാപത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഫയല്‍മാന്‍മാരുടെ കൂടാരം പങ്കുവയ്‌ക്കുന്നത് കേരളത്തിലെ ആദ്യ ജിംഖാനയുടെ ചരിത്രം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: