India

മഹാരാഷ്‌ട്രയില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍; മത്സരം 288 സീറ്റുകളിലേക്ക്, ജനവിധി തേടി 4136 സ്ഥാനാര്‍ഥികള്‍

Published by

മുംബൈ: പാലക്കാടിനൊപ്പം മഹാരാഷ്‌ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് സ്റ്റേഷനുകളിലേക്ക് എത്തുകയാണ്. മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ഇന്ന് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പില്‍ 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.

മഹാരാഷ്‌ട്രയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും ശക്തമായ തിരിച്ചുവരവിന് മഹാവികാസ് അഘാഡിയും ഒരുങ്ങിക്കഴിഞ്ഞു. ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) സഖ്യം മഹാവികാസ് അഘാടിയും തമ്മിലാണ് പ്രധാന പോരാട്ടം. 2019 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥാനാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഈ തിരഞ്ഞെടുപ്പിൽ കാണുന്നുണ്ട്. അതായത് ആകെ 4,136 സ്ഥാനാർത്ഥികളാണ് 288 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. മുമ്പത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28ശതമാനം വർധനയുണ്ട്. ഇവരിൽ 2,086 പേർ സ്വതന്ത്രരാണ്, കൂടാതെ നിരവധി വിമത സ്ഥാനാർഥികൾ പാർട്ടിയുടെ ഔദ്യോഗിക നോമിനികൾക്കെതിരെ മത്സരിക്കുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), എഐഎംഐഎം തുടങ്ങിയ ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം, നടൻ അക്ഷയ് കുമാർ, ഗവർണർ സി പി രാധാകൃഷ്ണൻ, ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, അജിത് പവാർ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, മകള്‍ സാറ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പമെത്തി മുംബൈയിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പടുത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം തന്റെ മഷി പുരണ്ട വിരലുകള്‍ കാണിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും പങ്കെടുക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. “ഞാൻ കുറച്ച് കാലമായി ഇലക്ഷൻ കമ്മീഷന്റെ ഒരു ഐക്കണാണ്. വോട്ട് ചെയ്യുക എന്നതാണ് ഞാൻ നൽകുന്ന സന്ദേശം. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എല്ലാവരോടും വോട്ട് ചെയ്യാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു” സച്ചിന്‍ പറഞ്ഞു.

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. പോളിംഗ് സ്റ്റേഷനിലെ ക്രമീകരണങ്ങൾ വളരെ മികച്ചതായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഞാൻ അഭിനന്ദിക്കുന്നു, വോട്ടർ പങ്കാളിത്തത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അദ്ദേഹം പറഞ്ഞു. നടന്‍ അക്ഷയ് കുമാറും പോളിങ് ക്രമീകരണങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മുംബൈ ബിജെപി പ്രസിഡൻ്റും ബാന്ദ്ര വെസ്റ്റ് അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ആശിഷ് ഷെലാർ മുംബൈയിലെ ബാന്ദ്രയിലെ സെൻ്റ് സ്റ്റാനിസ്ലാസ് ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നാഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. “ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്നത് പൗരന്റെ കടമയാണ്. ഓരോ പൗരനും ഈ കടമ നിർവഹിക്കണം. ഞാൻ ഉത്തരാഞ്ചലിലായിരുന്നു, എന്നാൽ ഇന്നലെ രാത്രി വോട്ട് ചെയ്യാനാണ് ഇവിടെ വന്നത്. എല്ലാവരും വോട്ട് ചെയ്യണം,” അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by