റിയോഡി ജനീറോ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ സംവദിച്ചത്.
സമീപകാലത്ത് ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കപ്രശ്നങ്ങളിൽ കൈക്കൊണ്ട പരസ്പര ധാരണയുടെ കാര്യത്തിൽ പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പരസ്പര വിനിമയത്തിനുള്ള അടുത്ത ചുവടുവയ്പുകളാണ് ഇനി വേണ്ടതെന്ന് ചർച്ചയ്‌ക്ക് ശേഷം ജയശങ്കർ എക്സിൽ കുറിച്ചു. ഇതിനു പുറമെ ആഗോള സാഹചര്യങ്ങളും ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ജി20 രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചാണ് വിദേശകാര്യ മന്ത്രി ജയശങ്കർ റിയോഡി ജനീറോയിൽ എത്തിയത്. അതേ സമയം ഒക്ടോബർ 21നാണ് അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്.
ലഡാക്കിലെ സംഘർഷ പോയിൻ്റുകളായ ഡെംചോക്ക്, ഡെസ് പാങ് പ്രദേശങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളിലെ സൈന്യവും വിട്ടുനിൽക്കുകയെന്നതായിരുന്നു ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക