തിരുമല : തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതിയെന്ന തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുമെന്ന് ടിടിഡി ചെയർമാൻ ബി.ആർ നായിഡു വ്യക്തമാക്കി.
തിരുമലയിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് കത്തെഴുതാനും ടിടിഡി തീരുമാനിച്ചിട്ടുണ്ടെന്ന് നായിഡു പറഞ്ഞു. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അഹിന്ദു ജീവനക്കാരെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുകയോ വിആർഎസ് നൽകുകയോ ചെയ്യണമെന്നാണ് ടിടിഡിയുടെ ആവശ്യം.
തിരുപ്പതിയിലെ ലഡ്ഡുവിവാദം ചർച്ചയായതിന് പിന്നാലെ ജീവനക്കാരെല്ലാം ഹിന്ദുക്കളാകേണ്ടതിന്റെ ആവശ്യകത നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രമേയം ടിടിഡി പാസാക്കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലും ഹിന്ദു കച്ചവടക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദം നൽകൂവെന്നും ക്ഷേത്രട്രസ്റ്റ് അറിയിച്ചു. അഹിന്ദുക്കളായ കച്ചവടക്കാരെ ക്ഷേത്രാതിർത്തികളിൽ നിന്ന് നീക്കം ചെയ്യുമെന്ന് ടിടിഡി വ്യക്തമാക്കി. ഇതിന് പുറമെ രാഷ്‌ട്രീയ പ്രസംഗങ്ങളും ഇവിടെ നിരോധിക്കും.
എല്ലാ ക്ഷേത്രജീവനക്കാരും ടിടിഡിയുടെ മതപരവും ആത്മീയവുമായ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ദർശനത്തിനുള്ള കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നതിനുള്ള വഴികൾ കണ്ടെത്തണമെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു. ഇത് ചിലപ്പോൾ 20 മണിക്കൂർ വരെ നീളുന്നു. ഈ ആവശ്യത്തിനായി, എഐയും മറ്റ് സാങ്കേതികവിദ്യയും ഉപയോഗിച്ച് തിരക്ക് കുറയ്‌ക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് ടിടിഡി വിദഗ്ധ സമിതി രൂപീകരിക്കും.
ടിടിഡിയുടെ എല്ലാ നിക്ഷേപങ്ങളും സ്വകാര്യ ബാങ്കുകളിൽ നിന്ന് പിൻവലിച്ച് ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക