Kerala

‘പാലക്കാടിന്റെ കൃഷ്ണകുമാറിന് മനസറിഞ്ഞൊരു വോട്ട്’; വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Published by

പാലക്കാട്: നാളെ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്ലാവിധ പഴുതുകളുമടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ നടത്തിയത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മണ്ഡലം പിടിച്ചെടുക്കുവാനുള്ള ഊര്‍ജിതവും ചിട്ടയോടുംകൂടിയ പ്രവര്‍ത്തനമാണ് നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഏറ്റവും താഴെത്തട്ടുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

ഉപതെരഞ്ഞെടുപ്പിന് കാരണക്കാരായ യുഡിഎഫ് നേതൃത്വത്തിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന നേട്ടങ്ങളുമാണ് ജനങ്ങളിലെത്തിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും നഗരസഭ മുന്‍ വൈ. ചെയര്‍മാനും പാലക്കാട്ടുകാരന്‍കൂടിയായ സി. കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കൃഷ്ണകുമാറിന്റെ പ്രവര്‍ത്തന മാതൃക ഇവിടെ പ്രതിഫലിച്ചു. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവര്‍ അവകാശപ്പെടുന്ന മലമ്പുഴയിലെ പല ബൂത്തുകളിലും രണ്ടാംസ്ഥാനത്തേക്ക് തള്ളി ബിജെപി ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി. മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനവും നേടി. സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ക്ക് ബൂത്തുകളുടെ ചുമതലയാണ് നല്കിയത്. പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിന് എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, എം.ടി. രമേശ്, അഡ്വ. നാരായണന്‍ നമ്പൂതിരി, മേജര്‍ രവി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി. രഘുനാഥ്, അഡ്വ. ഇ. കൃഷ്ണദാസ്, തുഷാര്‍ വെള്ളാപ്പള്ളി, ടി.പി. സിന്ധുമോള്‍, സിനിമാതാരം വിവേക് ഗോപന്‍, അഡ്വ. എസ്. സുരേഷ്, എ.എന്‍. അനുരാഗ്, ചേലക്കര – വയനാട് സ്ഥാനാര്‍ഥികളായ ബാലകൃഷ്ണന്‍, നവ്യ ഹരിദാസ്, വിവിധ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്മാര്‍ എന്നിവരാണ് പ്രചാരണത്തിനായി എത്തിയത്. നൂറുകണക്കിന് കുടുംബയോഗങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. ‘വികസനത്തിനൊരു വോട്ട്’ എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം.

പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോദിയുടെ ഓരോ വരവിനും പാലക്കാട്ടുകാര്‍ക്ക് വികസനത്തിന്റെ കൈത്താങ്ങുമായാണ് എത്തിയിരുന്നത്. അത് തുടരുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാടിനായി തയ്യാറാക്കിയിരുന്ന മാസ്റ്റര്‍ പ്ലാനിന്റെ പുതിയരൂപമാണ് കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിച്ചത്. പതിറ്റാണ്ടുകളോളം മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഇരു മുന്നണികളും പാലക്കാടിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. കേന്ദ്രവും സംസ്ഥാനവും മാറിമാറി ഭരിച്ചിട്ടും പാലക്കാടിന് എടുത്തുപറയത്തക്ക ഒരു വികസനവും എത്തിക്കുവാന്‍ മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ വിവിധ രംഗങ്ങളില്‍ നടപ്പാക്കാനുള്ള വികസന മന്ത്രമാണ് ബിജെപി അവതരിപ്പിച്ചിട്ടുള്ളത്.

പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് മണ്ഡലം. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by