കോഴിക്കോട്: നാലു വര്‍ഷമായി പൊതുസ്ഥലം മാറ്റം നിലച്ചതോടെ മൃഗസംരക്ഷണ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാരായ ലൈവ്സ്റ്റോക് ഇന്സ്പെക്ടര്മാര്മാര് പ്രതിസന്ധിയില്‍. സ്ത്രീകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജീവനക്കാരും വര്‍ഷങ്ങളായി സ്വന്തം ജില്ലവിട്ട് മറ്റു ജില്ലകളില്‍ ജോലി ചെയ്യുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്ഥലം മാറ്റ നടപടികള്‍ ഓണ്‍ലൈനാക്കിയിട്ടും മൃഗ സംരക്ഷണ വകുപ്പ് അതിന് തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമായി നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ 2017 ല്‍ പൊതു ഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി ഏഴ് വര്‍ഷം പിന്നിട്ടുമ്പോഴും ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം നടപ്പിലാക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ക്കുപോലും തടസം നില്ക്കുന്ന സമീപനമാണ് വകുപ്പില്‍നിന്നുതന്നെ തുടരുന്നത്. യൂണിയന് താല്‍പ്പര്യപ്രകാരമുള്ള സ്ഥലംമാറ്റമാണ് നിലവില്‍ വകുപ്പില്‍ നടക്കുന്നത്. ഇതിനു തടസം വരാതിരിക്കാനാണ് സ്ഥലംമാറ്റം ഓണ്‍ലൈന്‍ ആക്കണമെന്ന ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കാത്തതെന്ന് ആരോപണവും ഉയരുന്നുണ്ട്.
ഈ നീക്കത്തിനെതിരെ ഒരു കൂട്ടം ജീവനക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കെഎടി) സമീപിച്ചു. മൂന്ന് മാസത്തിനകം ഓണ്‍ലൈന്‍ നടപടികള്‍ പ്രകാരം പൊതുസ്ഥലംമാറ്റം പൂര്‍ത്തിയാക്കണമെന്നും ട്രൈബ്യൂണല്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവിന്റെ സമയപരിധി ഒക്ടോബര്‍ 28 ന് അവസാനിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ല.
അതേസമയം, സ്വതന്ത്ര സോഫ്റ്റ്വെയര് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പിന്നില്‍ നടക്കുന്നതായും ജീവനക്കാര്‍ പറയുന്നു. നിലവില്‍ ഗവണ്മെന്റ് ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ ഉത്തരവ് സ്പാര്‍ക്ക് സോഫ്റ്റ്വെയര് വഴിയാണ് നടക്കുന്നത്. സ്പാര്‍ക്കില്‍ അതിന്റെതായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അതിനാല്‍ യൂണിയന് താല്പര്യങ്ങള് കൂടി കണക്കിലെടുക്കാനാണ് സ്വതന്ത്ര സോഫ്റ്റ്വെയര് കൊണ്ടുവരുന്നതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: