ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സുരക്ഷ മുന്‍നിര്‍ത്തി ലഡാക്കിലെ കേല ചുരത്തില്‍ ഇരട്ട ടണല്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കേല ചുരത്തിലൂടെ ഏഴ് മുതല്‍ എട്ട് കിലോമീറ്റവര്‍ വരെ നീളമുള്ള ഇരട്ട ട്യൂബ് ടണല്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന തന്ത്രപ്രധാനമായ തുരങ്കപദ്ധതിക്ക് ഏകദേശം 6,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേയ്ക്കും പാംഗോങ് തടാകത്തിനുമിടയില് യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാന്‍ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിന്ന് പാങ്കോങ്ങിലേക്കുള്ള യാത്രവേഗത്തിലാക്കാന് ഇത് സഹായിക്കും.
ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതം സാധ്യമായ ചുരമാണ് കേല ചുരം.
സമുദ്രനിരപ്പില്‍ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം. ടൂറിസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സേനയുടെ സുഗമമായ സഞ്ചാരം എന്നിവ ലക്ഷ്യമിട്ട് ഗതാഗതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട്, 2022ല്‍ ലഡാക്ക് ഭരണകൂടം ഖാര്‍ദുങ് ലാ, ഫോതു ലാ, നമിക ലാ, കേല എന്നിവിടങ്ങളിലെ നാല് ചുരങ്ങളില്‍ പുതിയ തുരങ്കങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ ഇന്ത്യാ ചൈന സംഘര്‍ഷം നിലനിന്നിരുന്ന മേഖലകൂടിയാണ് പാങ്കോങ്. അതുകൊണ്ടുതന്നെ തുരങ്ക നിര്‍മാണം സൈനിക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഒരുക്കുക.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോ റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോ ആകും തുരങ്കപാതയുടെ സാധ്യതകള്‍ പരിശോധിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: