ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ഒരു പതിമൂന്ന് വയസ്സുകാരനും. ബീഹാറിന്റെ വൈഭവ് സൂര്യവന്‍ശിയാണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 574 താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 30ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. ഈ മാസം 23, 24 തീയതികളില്‍ സൗദി അറേബ്യയിലാണ് ഐപിഎല്‍ താര ലേലം.
2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്റെ 12-ാം വയസില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡും വൈഭവ് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡും വൈഭവ് സ്വന്തമാക്കും. ഇടം കൈയന്‍ ബാറ്ററായ വൈഭവ് ഐപിഎല്‍ ലേലപ്പട്ടികയില്‍ 491-ാം പേരുകാരനാണ്.
സപ്തംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഭാരതത്തിനായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഇതോടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഭാരത ടീമിലും വൈഭവിന് ഇടം ലഭിച്ചു. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് വൈഭവ് നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക