Football

യുവേഫ നാഷന്‍സ് ലീഗ്: ഫ്രാന്‍സിന് ഉജ്ജ്വല വിജയം

Published by

മിലാന്‍: യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എ രണ്ടില്‍ ഫ്രാന്‍സിന് ഉജ്ജ്വല വിജയം. മിലാനിലെ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ഇറ്റലിയെ വീഴ്‌ത്തി.

അഡ്രിയാന്‍ റബിേയാട്ടിന്റെ ഇരട്ട ഗോളാണ് ഫ്രാന്‍സിന്റെ വിജയം അനായാസമാക്കിയത്. രണ്ടാം മിനിറ്റിലും 65-ാം മിനിറ്റിലുമായിരുന്നു താരത്തിന്റെ ഗോള്‍. ഒരു ഗോള്‍ ഇറ്റാലിയന്‍ ഗോളിയുടെ സെല്‍ഫ് ഗോളായിരുന്നു. 33-ാം മിനിറ്റിലായിരുന്നു ഈ സെല്‍ഫ് ഗോള്‍. 35-ാം മിനിറ്റില്‍ അന്‍ഡ്രിയ കാംബിയാസോയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. തോറ്റെങ്കിലും ഫ്രാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഇറ്റലിയും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഇറ്റലിക്കായിരുന്നു നേരിയ മൂന്‍തൂക്കം. എന്നാല്‍ കളി തുടങ്ങി രണ്ട് മിനിറ്റ് പിന്നിടുന്നതിന് മുന്നേ ഫ്രാന്‍സ് ആദ്യ ഗോളടിച്ചു. ലൂക്കാസ് ഡിഗ്നെയുടെ കോര്‍ണര്‍ കിക്കില്‍ അഡ്രിയന്‍ റാബിയോട്ട് ഹെഡ് ചെയ്ത് വലയിലാക്കി.

33-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിനെ ഡേവിഡ് ഫ്രാറ്റെസി ഇറ്റലി ബോക്സിന് പുറത്ത് വീഴ്‌ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ലൂക്കാസ് ഡിഗ്നെ തൊടുത്തുവിട്ട ഫ്രീകിക്ക് ഗോള്‍ക്രോസ് ബാറിന്റെ അടിവശം തട്ടി ഗോള്‍ കീപ്പറുടെ മുതുകില്‍ തട്ടിയാണ് വലയിലെത്തിയത്. ഡിഗ്നെയുടെ ഗോളാണ് ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് അത് സെല്‍ഫ് ഗോളായി വിധിക്കുകയായിരുന്നു.

രണ്ടുമിനിറ്റിനകം കമ്പിയാസോയിലൂടെ ഇറ്റലി ആദ്യ ഗോള്‍ കണ്ടെത്തിയതോടെ കളി വീണ്ടും ചൂടുപിടിച്ചു. ടച്ച് ലൈനിനരികില്‍ നിന്ന് ഡിമാര്‍കോ നല്‍കിയ ക്രോസ് കാംബിയാസോയുടെ ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിട്ടുനിന്നു.

പിന്നീട് 65-ാം മിനിറ്റില്‍ ഡിഗ്‌നെ തൊടുത്തുവിട്ട മറ്റൊരു ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ വീണ്ടും റബിയോട്ട് വലയിലാക്കിയതോടെ ഫ്രാന്‍സിന്റെ വിജയം പൂര്‍ത്തിയായി.
ജയത്തോടെ ഫ്രാന്‍സ് ഇറ്റലിയെ പിന്തള്ളി ഗ്രൂപ്പ് 2 പട്ടികയില്‍ ഒന്നാമതെത്തി. ഇറ്റലിക്കും ഫ്രാന്‍സിനും 13 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ ഇറ്റലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by