കൊച്ചി: കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ പിറ്റേന്ന് തന്നെ പാണക്കാട് തങ്ങളെപ്പോയി കണ്ട് അവരെ പുകഴ്ത്തിപ്പറഞ്ഞത് തന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞെന്ന് അഡ്വ. ജയശങ്കര്‍. ഇന്നലെ വരെ വീര്‍ സവര്‍ക്കറെ പാടിപ്പുകഴ്ത്തുകയും അതെല്ലാം പബ്ലിക് ഡൊമെയ്നില്‍ കിടക്കുകയും ചെയ്യുമ്പോള്‍ സന്ദീപ് വാര്യര്‍ ചെയ്ത ഈ പ്രവര്‍ത്തി കണ്ടപ്പോള്‍ എം.ടിയുടെ നോവലായ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ ഓര്‍മ്മ വന്നെന്നും അഡ്വ.ജയശങ്കര്‍.
“അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയ്ക്ക് സഹോദരിയുടെ ഭര്‍ത്താവായ പ്രമാണി ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളോടെല്ലാം എതിര്‍പ്പാണ്. ഈ എതിര്‍പ്പ് മൂത്ത് ഗോവിന്ദന്‍കുട്ടി മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുന്നു. ഗോവിന്ദന് കുട്ടിയെ മുസ്ലിങ്ങള്‍ കൊട്ടും കുരവയുമായി എഴുന്നെള്ളിച്ച് കൊണ്ടുപോകുന്നു. പക്ഷെ കുറച്ചുകഴിയുമ്പോള്‍ ഗോവിന്ദന്‍കുട്ടിക്ക് ഇസ്ലാംമതവും മടുക്കുന്നു. പിന്നീട് ഗോവിന്ദന് കുട്ടി വീണ്ടും പഴയ ഗോവിന്ദന് കുട്ടിയായി മടങ്ങിപ്പോവുകയാണ് അസുരവിത്ത് എന്ന നോവലില്‍. ഇനി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ശരിക്കും നന്നാക്കാന്‍ പോയതാണോ അതോ കുറച്ചുകഴിഞ്ഞ് കോണ്‍ഗ്രസുകാരേയും തള്ളിപ്പറഞ്ഞ് തിരിച്ചുവരാന്‍ വേണ്ടി പോയതാണോ?”- അഡ്വ. ജയശങ്കര്‍ ചോദിക്കുന്നു.
പാലക്കാട്ടെ 33 ശതമാനം മുസ്ലിം വോട്ടര്‍മാരും കോണ്‍ഗ്രസിനെ സംശയിക്കും
ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ ചേര്‍ത്ത നടപടി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാലക്കാട് ഒരു സെല്‍ഫ് ഗോളായി അധിപതിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അഡ്വ. ജയശങ്കര്‍ പറയുന്നു. കോണ്‍ഗ്രസ് രണ്ടു കയ്യും നീട്ടി സന്ദീപ് വാര്യരെ സ്വീകരിച്ചതില്‍ ശരിക്കും അത്ഭുതം തോന്നി. ഇതുപോലെ ഒരാളെ കോണ്‍ഗ്രസ് എടുത്താല്‍ എന്താകും സംഭവിക്കുക എന്ന് നേതാക്കള്‍ ചിന്തിക്കേണ്ടെ?.സന്ദീപ് വാര്യരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്യണോ എന്ന് പാലക്കാട്ടെ 33 ശതമാനം മുസ്ലിം വോട്ടര്‍മാരും സംശയിക്കും. – ജയശങ്കര്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യും
തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എടുക്കാനുണ്ടായ തീരുമാനം സുധാകരനാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണോ അതോ രണ്ടും പേരും ഒരുമിച്ചാണോ എടുത്തത് എന്നറിയില്ല. അതോ ഹൈക്കമാന്റിന് വേണ്ടി വേണുഗോപാലാണോ എടുത്തത് എന്നറിയില്ല. എന്തായാലും ഈ തീരുമാനം കോണ്‍ഗ്രസിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.”- അഡ്വ. ജയശങ്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് മുക്തഭാരതം പറയുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യര്‍
നരേന്ദ്രമോദിയും അമിത് ഷായും കോണ്‍ഗ്രസ് മുക്തഭാരതം പറയുമ്പോള്‍ അതേ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് തന്നെയാണ് സന്ദീപ് വാര്യരും പോയത്. അത് അത്ഭുതപ്പെടുത്തി.-അഡ്വ. ജയശങ്കര്‍ പറഞ്ഞു.
സിപിഐയില്‍ സന്ദീപിനെ എടുക്കാമെന്ന് ബിനോയ് വിശ്വം പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി
സന്ദീപ് വാര്യര്‍ എസ് എഫ് ഐക്കാരനായി രാഷ്ട്രീയത്തില്‍ വന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഹിന്ദുത്വ ആശയങ്ങള്‍ തുറന്നടിച്ച് പറഞ്ഞിരുന്ന ആളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു . എന്നാല്‍ തെരഞ്ഞെെടുപ്പില്‍ തോറ്റു. ബിജെപിയുമായി പ്രശ്നമുണ്ടായി എന്നറിഞ്ഞപ്പോള്‍ എ.കെ. ബാലനും എം.ബി.രാജേഷും വളരെ വാത്സല്യത്തോടെയാണ് സന്ദീപ് വാര്യരെ സമീപിച്ചത്. നിലപാട് തിരുത്തിയാല്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വവും പറഞ്ഞു. എങ്ങിനെയാണ് ഇത്രയും കാലം ശക്തമായ ബിജെപി രാഷ്ട്രീയം പറഞ്ഞയാളെ സിപിഐയ്ക്ക് എടുക്കാന്‍ കഴിയുക എന്ന് അത്ഭുതം തോന്നി. “.- അഡ്വ. ജയശങ്കര്‍ പറയുന്നു.
.യൂട്യൂബ് ചാനലില്‍ നടത്തുന്ന പതിവ് രാഷ്ട്രീയ നിരീക്ഷണപരിപാടിയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: