India

ഭൂകമ്പത്തെയും , കൊടുങ്കാറ്റിനെയും അതിജീവിക്കും ; 700 കോടി ചിലവ് ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന് ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ

Published by

ലക്നൗ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന് ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ .ചന്ദ്രോദയ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ് . ചന്ദ്രോദയ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇസ്‌കോൺ ആണ് . 2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയാണ് ശിലാസ്ഥാപനം നടത്തിയത് .

വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം 700 അടിയാണ്. ഈ ക്ഷേത്രം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും ഇസ്കോൺ ഭാരവാഹികൾ പറയുന്നു.മുകളിൽ നിന്ന് താജ്മഹൽ പോലും കാണാനാകും വിധമാണ് നിർമ്മാണം.700 കോടിയിലധികം രൂപ ചെലവിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 8 റിക്ടർ സ്കെയിലിൽ വരുന്ന ഭൂകമ്പത്തെ പോലും അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയും .ക്ഷേത്രം മുഴുവനും ദർശിക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരും. 10,000 ഭക്തർക്ക് ക്ഷേത്രത്തിൽ ഒരേസമയം ഒത്തുകൂടാം.

166 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് പോലെയായിരിക്കും. ക്ഷേത്രത്തിന്റെ ഏറ്റവും ഉയർന്ന നിലയ്‌ക്ക് ബ്രജ് മണ്ഡല ദർശൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന 12 വനങ്ങൾ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്.

170 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിന് പോലും ക്ഷേത്രത്തെ തകർക്കാനാകില്ല . 70 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർ പാർക്കിംഗ്, ഹെലിപാഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by