Kerala

പാണക്കാട് തങ്ങള്‍ മാത്രമാണോ ആധ്യാത്മിക ആചാര്യൻ, മറ്റു സമുദായ നേതാക്കളെല്ലാം കൊള്ളാത്തവരോ; കെ. സുരേന്ദ്രൻ

Published by

പാലക്കാട്: കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് പാണക്കാട് തങ്ങളെ മാത്രമായി കാണുന്നത്? മറ്റു സമുദായ നേതാക്കളെല്ലാം അനുഗ്രഹം തേടാന്‍ കൊള്ളത്തവരാണോ? മതഭീകരവാദ ശക്തികള്‍ക്കും ലീഗിനും കോണ്‍ഗ്രസ് അടിമപ്പെട്ടു എന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

എന്തുകൊണ്ടാണ് ഈ നേതാക്കളൊന്നും മറ്റു മതസാമുദായിക നേതാക്കളെ പോയി കണ്ട് അനുഗ്രഹം തേടാത്തത്? കേരളത്തില്‍ പാണക്കാട് തങ്ങള്‍ മാത്രമാണോ ആധ്യാത്മിക ആചാര്യനായിട്ടുള്ളത്? മറ്റു സമുദായ നേതാക്കളെല്ലാം അനുഗ്രഹം തേടാന്‍ കൊള്ളാത്തവരാണോ? പോപ്പുലര്‍ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രംമതി തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്നാണോ കോണ്‍ഗ്രസ് വിചാരിക്കുന്നത്? മതഭീകരവാദ ശക്തികള്‍ക്കും ലീഗിനും കോണ്‍ഗ്രസ് അടിമപ്പെട്ടു എന്നതിന്റെ തെളിവാണിത്.

പാണക്കാട് തങ്ങള്‍ ഘടകകക്ഷിയുടെ നേതാവായിട്ടാണ് പോയിക്കണ്ടത് എന്നാണ് കോണ്‍ഗ്രസുകാരുടെ അടക്കംപറച്ചില്‍. പി.ജെ. ജോസഫ് ഘടകകക്ഷി നേതാവാണ്. എന്തുകൊണ്ട് അദ്ദേഹത്തെ കാണാന്‍ കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ തയ്യാറാവുന്നില്ല? ക്രൈസ്തവസഭ മേലധ്യക്ഷന്മാരെയോ സുകുമാരന്‍ നായരെയോ വെള്ളാപ്പള്ളി നടേശനെയോ പുന്നല ശ്രീകുമാറിനെയോ പോയിക്കണ്ട് അനുഗ്രഹം തേടാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഇത്രയധികം ലജ്ജാകരമായ നിലയിലേക്ക് കോണ്‍ഗ്രസും അതിന്റെ നേതൃത്വവും എത്തിയതെതന്തുകൊണ്ടാണ്? കെ. മുരളീധരനും ഡി.സി.സി. പ്രസിഡന്റ് തങ്കപ്പനും പറയുന്നത് തങ്ങള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ്. എന്നാല്‍ കെ. മുരളീധരനെപ്പോയിക്കണ്ട് അനുഗ്രഹം തേടിക്കൂടേ. കോണ്‍ഗ്രസിനെ ഒരുകൂട്ടര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഷാഫി പറമ്പിലും വി.ഡി. സതീശനും കോണ്‍ഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ക്കൊണ്ടുപോയി കെട്ടിയിരിക്കുകയാണ്. പാലക്കാട് എസ്.ഡി.പി.ഐ.യുടെ വോട്ട് വേണ്ട എന്ന് പറയാനുള്ള ആര്‍ജവം സതീശന്‍ ഇതുവരെ കാണിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐയുടെ നോട്ടീസുമായി വീട് കയറാന്‍ സതീശന് നാണമില്ലേ? മുനമ്പം വഖഫ് ഭൂമി ആണെന്ന് പ്രഖ്യാപിക്കാന്‍ മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by