പരവൂര്‍: പൂക്കുളം സുനാമി ഫ്ളാറ്റ് നിവാസികളുടെ ജീവിതം ദുരിത പൂര്‍ണം. സുനാമി ഫ്ളാറ്റിലെ കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ചുമരുകള്‍ വിണ്ടുകീറി വെള്ളം
ഒലിച്ചിറങ്ങി മുറികള്‍ ഉപയോഗശൂന്യമായി. നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂമ്പാരം, കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകള്‍. ഫഌറ്റുകളില്‍ മുകളിലത്തെ നിലയിലുള്ളവര്‍ക്കാണ് മഴക്കാലത്തുള്‍പ്പെടെ ദുരിതം വര്‍ധിക്കുന്നത്.
പ്രദേശത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നതായും പരാതിയുണ്ട്. സുനാമി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി സംസ്ഥാനസര്‍ക്കാര്‍ പരവൂര്‍ നഗരസഭയില്‍ പുക്കുളത്ത് നിര്‍മിച്ചു നല്കിയ ഫ്ളാറ്റാണ് ശോചനീയാവസ്ഥ നേരിടുന്നത്.
പണി തീരാത്ത ഫ്ളാറ്റുകള്‍
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സുനാമി പുനരധിവാസ പദ്ധതി, തീരദേശ പാര്‍പ്പിട പുനരധിവാസ പദ്ധതിഎന്നിവയുടെ ഭാഗമായി നിര്‍മിച്ചതാണ് ഫ്ളാറ്റ്. മൂന്ന് ബ്ലോക്കുകളിലായി 138 കുടുംബങ്ങള്‍ക്കാണ് അനുവദിച്ചത്. പൂര്‍ണമായും പണിതീരാത്ത ഫ്ളാറ്റുകളാണ് താമസിക്കാനായിനല്കിയത്. ഇപ്പോഴും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പലരും സ്വന്തം നിലയില്‍ നിര്‍മാണം നടത്തിയാണ് താമസിക്കുന്നത്.
പ്രത്യേകം സെപ്റ്റിക് ടാങ്കുകള്‍
മഴക്കാലമായാല്‍ വലിയ ദുരിതമാണിവിടെ. പൂര്‍ണമായും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത ഫ്ളാറ്റ് സമുച്ചയത്തില്‍ ഇവ വൃത്തിയായി സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് അന്തേവാസികളുടെ പരാതി.
വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള ശുചിമുറി മാലിന്യം എത്തുന്ന സെപ്റ്റിക് ടാങ്ക് പലപ്പോഴും പുറത്തേക്ക് കവിഞ്ഞ് ഒഴുകുന്നുണ്ട്. ഈ സമയത്ത് രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ.
കുഞ്ഞുങ്ങള്‍ ഉള്പ്പടെയുള്ളയുള്ളവരുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാവുകയാണ്. കുളിമുറികളില്‍ നിന്നുള്‍പ്പെടെയുള്ള മലിനജലമാണ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഇത് പരിഹരിക്കുന്നതിന് പ്രത്യേകം സെപ്റ്റിക് ടാങ്കുകള്‍ പണിയണമെന്ന ആവശ്യം ഉയരുന്നു.
കുടിവെള്ള ക്ഷാമം
ജല അതോറിറ്റി വഴി വെള്ളം എത്തുന്ന ഫ്ളാറ്റില്‍ പല ദിവസങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടിയും മറ്റും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടുംബങ്ങള്‍ പൊതുടാപ്പില്‍ നിന്നാണ്
വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണിത്. നാലു ദിവസം കൂടുമ്പോള്‍ പൈപ്പില്‍ വെള്ളം വരുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കാത്തിരുന്നാലെ ആവശ്യത്തിന് വെള്ളം ലഭിക്കൂ. വെള്ളം പകല്‍ തുറന്നുവിട്ടാലും പ്രദേശത്തെ പൈപ്പുകളില്‍ എത്തണമെങ്കില്‍ രാത്രിയാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മാലിന്യ സംസ്കരണമില്ല
മാലിന്യ സംസ്കരണമില്ലാത്തതിനാല് പ്ലാസ്റ്റിക് അടക്കമുള്ളവയുടെ മാലിന്യ കൂമ്പാരമാണിവിടെ. ഫ്ളാറ്റ് സമുച്ചയത്തിനരികെയും വഴിയോരങ്ങളിലും ഒഴിഞ്ഞ മദ്യ കുപ്പികള്‍ വ്യാപകമായുണ്ട്.
സര്‍ക്കാര്‍ നടപടി ഉണ്ടാവണം:ബിജെപി
ഫ്ളാറ്റിലെ കുടുംബങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ പരവൂര്‍ നഗരസഭ അധികൃതര്‍ ശ്രമിക്കാറില്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്വര്‍ണമ്മ സുരേഷ് പറഞ്ഞു. പരിസര മലിനീകരണ ബോധവത്ക്കരണം, പരിസര ശുചീകരണം, ആരോഗ്യ സുരക്ഷ തുടങ്ങിയവയില്‍ നഗരസഭയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ല. അടിയന്തരമായി സുനാമി കോളനിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: