കാനഡയില്‍ നിന്ന്
ഗണേഷ് രാധാകൃഷ്ണന്
അമേരിക്കക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല, താത്പര്യങ്ങള്‍ മാത്രമേയുള്ളൂ എന്ന ഹെന്റി കിസിന്‍ജറിന്റെ പ്രശസ്തമായ നിരീക്ഷണം എല്ലാക്കാലത്തും പ്രസക്തമാണ്. അമേരിക്കയുടെ താല്പര്യങ്ങള്ക്ക് മാത്രം മുന്‍ഗണന നല്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ 2016ലെ ‘അമേരിക്ക ഫസ്റ്റ്’ വിദേശനയത്തിന്റെ തുടര്‍ച്ച തന്നെയാകും ഓവല്‍ ഓഫീസിലേക്കുള്ള തന്റെ രണ്ടാം വരവിലും എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ട്രംപില്‍ നിന്ന് അമേരിക്കന്‍ താത്പര്യങ്ങള്‍ക്കതീതമായി മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, മാറിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ അമേരിക്കന്‍ താല്പര്യങ്ങള് ഭാരതത്തിന്റെ താല്പര്യങ്ങളോട് എത്രത്തോളം പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.
മോശമായി തുടരുന്ന ഭാരത-കാനഡ ബന്ധത്തെ പുനര്‍നിര്‍വചിക്കുന്നതില്‍ ട്രംപിന്റെ രണ്ടാംവരവിന് എന്ത് പങ്കാണ് വഹിക്കാനുണ്ടാകുക? ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിലുണ്ടായ തകര്‍ച്ചയെ ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടവും അമേരിക്കന്‍ ഡീപ് സ്റ്റേറ്റും എങ്ങനെ നോക്കികാണുന്നുവെന്നത് വളരെ പ്രധാനമാണ്. കാനഡയിലെ അതിശക്തമായ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ സാന്നിധ്യവും ആഭ്യന്തര ഭരണകൂടം അവര്‍ക്ക് നല്കുന്ന പിന്തുണയുമാണ് കാനഡയെ ഭാരതത്തിന്റ ശത്രുപക്ഷത്തു നിര്‍ത്തുന്നത്. രാഷ്ട്രത്തിന്റെ ശത്രുക്കളായി ഭാരതം പ്രഖ്യാപി
ച്ചിട്ടുള്ള തീവ്രവാദികള്‍ വിവിധ സാഹചര്യങ്ങളില്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതില്‍ ഭാരതത്തിന് ഔദ്യോഗികമായ പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അറ്റുപോയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു നീക്കവും ദല്‍ഹിയില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഈ വിഷയത്തില്‍ ഭാരതത്തിന്റെ കര്‍ശന നിലപാടിനെ തുറന്നുകാണിക്കുന്നു. തീവ്രവാദത്തെ പിന്തുണക്കുന്ന ഭരണകൂടത്തോട് ഉത്തരവാദപ്പെട്ട ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് ഭാരതത്തിന്റെ നടപടികളെ കാണേണ്ടത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ തീവ്രവാദ പ്രീണന നയത്തോടൊപ്പം, അതിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റു കാരണങ്ങളും നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടപോലെ, ട്രംപിന്റെ രണ്ടാം വരവില്‍ പരിഭ്രമിച്ചുപോയ അനേകം ലോകരാജ്യങ്ങളുണ്ട്, ഭാരതം അതില്പെടുന്നില്ലെന്നു മാത്രമല്ല വിജയത്തിനു ശേഷം ട്രംപ് സംസാരിച്ച ആദ്യത്തെ മൂന്നു വ്യക്തികളിലൊരാള്‍ പ്രധാനമന്ത്രി മോദിയാണ്. ജയശങ്കറിന്റെ ഈ പ്രസ്താവനയെ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പാര്‍ട്ടിയായ എന്‍ഡിപിയുടെ നേതാവ് ജഗ്മീത് സിങ്ങിന്റെ ട്രംപിന്റെ വിജയത്തോടുള്ള പ്രതികരണത്തോട് ചേര്‍ത്ത് വായിക്കണം. ട്രംപിന്റെ വിജയത്തിനു പിന്നാലെ ഖാലിസ്ഥാന്‍ അനുകൂലിയായ ജഗ്മീത് തന്റെ നിരാശയും ആശങ്കയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ട്രംപ് 2.0: എന്തുകൊണ്ട് ഭാരതം?
ട്രംപിനെ സംബന്ധിച്ചിടത്തോളം ഭാരതം ഒരു ഗംഭീര രാഷ്ട്രവും, നരേന്ദ്ര മോദി ഒരു ഗംഭീര നേതാവുമാണ്. ചൈനയ്ക്കെതിരായി ഭാരതത്തെ ശക്തിപ്പെടുത്തണം എന്ന കാഴ്ചപ്പാടില്‍ ട്രംപ് ഉറച്ചു നില്‍ക്കുകയാണ്. ഭാരതവും യു.എസ്.എയും തമ്മിലുള്ള വ്യാപാരം, സുരക്ഷ, പ്രതിരോധം, സ്പേസ് ടെക്നോളജി, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം പുതിയ മാനങ്ങളിലേക്ക് വളര്‍ത്താന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറെടുക്കുകയാണ്. ഇത് തന്നെയായിരുന്നു ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി നടത്തിയ ആശംസയുടെയും ഉള്ളടക്കം.
അമേരിക്കയുടെ ഒരു സാമന്ത രാജ്യം എന്നതിലപ്പുറം സ്വന്തമായി അസ്തിത്വമില്ലാത്ത, താരതമ്യേന അപ്രസക്തമായ ഒരു രാജ്യമാണ് കാനഡ. കാനഡയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. ആ രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ മൂന്നില്‍ രണ്ടിലധികവും അമേരിക്കയുമായാണ്. കാനഡയിലെ ഏറ്റവും വലിയ നിക്ഷേപകന് അമേരിക്കയും അമേരിക്കയുടെ ഏറ്റവും വലിയ ഊര്‍ജദാതാവ് കാനഡയുമാണ്. 2020ല്‍ നിലവില്‍ വന്ന കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാര്‍ എങ്ങനെയാണ് ട്രംപ് ഭരണത്തെ അതിജീവിക്കുന്നതെന്ന കാതലായ ചോദ്യമാണ് കാനഡയ്ക്ക് മുന്നിലുള്ള വലിയ കീറാമുട്ടി. ഈ കരാറിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കുമെന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു മുന്‍പ് ഏകദേശം മൂന്നുപതിറ്റാണ്ടോളം നിലവിലുണ്ടായിരുന്ന നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടച്ചുവാര്‍ത്ത് പുതിയ ഉടമ്പടി കൊണ്ടുവന്നത് ട്രംപ് ആണെന്നതും ശ്രദ്ധേയമാണ്.
അമേരിക്കയുടെ സൗകര്യാനുസരണം മാറിമറിയുന്ന സാമ്പത്തിക-ആഭ്യന്തര-വിദേശ നയങ്ങളെ കാനഡയ്ക്കുള്ളൂ എന്നര്‍ത്ഥം. ചുരുക്കത്തില്‍, ഭാരതത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയുടെ ഒരു പ്രത്യേക സാമ്പത്തിക മേഖല എന്നതിലപ്പുറം വലിയ പ്രാധാന്യമൊന്നും നയതന്ത്രഭൂപടത്തില് കാനഡക്കില്ല. മാത്രമല്ല, കാനഡയോടുള്ള ഒന്നാം ട്രംപ് സര്‍ക്കാരിന്റെ സമീപനം അത്രയ്ക്ക് സുഖകരമായ ഒന്നായിരുന്നില്ല താനും.
ഡൊണാള്‍ഡ് ട്രംപിന് നരേന്ദ്ര മോദിയുമായുള്ള ദൃഢസൗഹൃദം കണക്കിലെടുക്കുമ്പോള്‍, അതിനോട് താരതമ്യപ്പെടുത്താവുന്ന ഒരു ബന്ധമേയല്ല അദ്ദേഹത്തിന് ട്രൂഡോയുമായുള്ളത്. നോര്‍ത്ത് അമേരിക്കയിലാകമാനം ട്രൂഡോയോളം അനഭിമതനായ ഒരു രാഷ്ട്രീയനേതാവ് വേറെയില്ല എന്നതാണ് സത്യം. ട്രൂഡോ സര്‍ക്കാരിനോടുള്ള അപ്രീതി നേരത്തെ പലതവണ ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. ‘തീവ്ര ഇടതുപക്ഷകാരനായ ഭ്രാന്തന്’ എന്നാണ് ട്രൂഡോയെ ട്രംപ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. 2018ല്‍ ക്യുബെക്കില്‍ വച്ച് നടന്ന ജി 7 ഉച്ചകോടി ബഹിഷ്കരിച്ച ട്രംപ്, ആതിഥേയത്വം വഹിച്ച കാനഡയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ‘തീര്‍ത്തും ദുര്‍ബലനും സത്യസന്ധതയില്ലാത്തവനെന്നുമാണ്’ അന്ന് ട്രൂഡോയെപറ്റി ട്രംപ് നടത്തിയ പരാമര്‍ശം.
മാത്രമല്ല, നിലവിലെ പ്രതിപക്ഷ നേതാവും കോണ്സെര്വെറ്റിവ് പാര്‍ട്ടി നേതാവുമായ പിയറി പൊയിലിവറോടാണ് ട്രംപിന് കൂടുതല്‍ ചായ് വെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ പിയറിയെ ഭാരതസര്‍ക്കാര്‍ സഹായിച്ചിരുന്നു എന്ന് വിഘടനവാദി പാര്‍ട്ടിയായ എന്‍ഡിപി ആരോപിച്ചിരുന്നു. അടുത്തിടെ ദീപാവലി ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത് വിവാദം സൃഷ്ടിച്ചുവെങ്കിലും ഭാരതത്തിനെതിരായ ട്രൂഡോയുടെ ആരോപണങ്ങളെ ഒട്ടൊക്കെ അവഗണിക്കുന്ന സമീപനം സ്വീകരിച്ച പിയറിയെ ഒരു ഭാരതഅനുകൂലിയായി ചിത്രീകരിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള ഖാലിസ്ഥാനി പ്രചരണങ്ങളില്‍ ഭയന്നിട്ടാകാം പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ ദീപാവലി ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നതെന്ന മുന്‍ ഭാരത ഹൈകമ്മീഷണര്‍ സഞ്ജയ്കുമാര്‍ വര്‍മയുടെ അഭിപ്രായം മുഖവിലക്കെടുത്താല്‍, ഭരണ-പ്രതിപക്ഷഭേദമെന്യേ കനേഡിയന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ തീവ്രവാദികള്‍ക്കുള്ള സ്വാധീനത്തെയാണ് അത് തുറന്നുകാട്ടുന്നത്.
ട്രംപിന്റെ നയങ്ങള്‍ ട്രൂഡോ ഗവണ്മെന്റിന്റെ തകര്‍ച്ചയെ വേഗത്തിലാക്കുമെന്നു കനേഡിയന്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട ഒരു പെട്രോളിയം ഉത്പ്പാദക രാജ്യമെന്ന നിലയിലും കനേഡിയന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി തുലാസിലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇറക്കുമതി തീരുവ 10 ശതമാനായി ഉയര്‍ത്താനുള്ള ട്രംപിന്റെ തീരുമാനമാണ് രാജ്യത്തിന് ഭീഷണിയാകുന്നത്. ട്രംപിന്റെ പ്രഖ്യാപിത നയങ്ങളുടെ ആകെത്തുകയെന്നവണ്ണം 2028 ഓടു കൂടി കാനഡയുടെ ജി ഡി പി യില്‍ 1.7 ശതമാനം ഇടിവാണ് സാമ്പത്തിക ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്. ട്രൂഡോയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ ഫലമായി നട്ടെല്ലൊടിഞ്ഞ കനേഡിയന്‍ സമ്പദ് വ്യവസ്ഥക്ക് ട്രംപിന്റെ ഇത്തരത്തിലുള്ള പല തീരുമാനങ്ങളും തിരിച്ചടിയായേക്കും. അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പരാജയം ഏറെക്കുറെ പ്രവചിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക്, എന്‍ഡിപിയെ പോലെയുള്ള തീവ്രവാദി പാര്‍ട്ടികള്‍ക്ക് നേരിട്ട് ഭരണപങ്കാളിത്തമില്ലാത്ത ഒരു സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ നിലവിലെ നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമുണ്ടാകും.
കാനഡയുയര്ത്തുന്ന തീവ്രവാദ ഭീഷണി
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഭാരതത്തിന്റെ നിലപാടിനെ അനുഭാവപൂര്‍വം പരിഗണിക്കേണ്ടതിനോടൊപ്പം, നേരത്തെ സൂചിപ്പിച്ച അമേരിക്കന്‍ താല്പര്യവും ട്രംപിനെ തീര്‍ച്ചയായും സ്വാധീനിക്കും. കനേഡിയന്‍ മണ്ണ് ഇസ്ലാമിക-ഖാലിസ്ഥാന്‍ തീവ്രവാദത്തിന് ശക്തമായ വളക്കൂറുള്ളതായി മാറിയതില്‍ അമേരിക്കക്കുള്ള ആശങ്ക ചില്ലറയല്ല. കാനഡയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദം അമേരിക്കന്‍ ആഭ്യന്തര സുരക്ഷക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ അടക്കം സ്ഥിതീകരിക്കുമ്പോള്‍, ഈ വിഷയത്തില്‍ ഭാരതം വര്‍ഷങ്ങളായി ചെലുത്തുന്ന സമ്മര്‍ദ്ദം ഫലം കാണുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ ഭരണകൂടവും ഭാരതവും തമ്മിലുള്ള ബന്ധം ശക്തമാകുന്നതോടെ മേല്പറഞ്ഞ വിഷയത്തിലുള്ള കാനഡയും യു.കെയുമുള്പ്പെട്ട മറ്റു ‘ഐ 5’ രാജ്യങ്ങളുടെ ഭാരതവിരുദ്ധ നിലപാ
ട് തന്നെ അപ്രസക്തമായിത്തീരും. ബൈഡന് ഭരണകൂടത്തിന്റെയും ‘ഐ 5’ ലെ മറ്റു അംഗരാജ്യങ്ങളുടെയും അസ്വസ്ഥതയ്ക്ക് പിന്നിലും ഭാരതത്തിന്റെ ലോക നേതൃസ്ഥാനത്തേക്കുള്ള വളര്‍ച്ച തന്നെയായിരുന്നു.
തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ കനേഡിയന്‍ ഭരണകൂടം വരുത്തുന്ന വീഴ്ചകളുടെ ഏറ്റവും വലിയ ഇരയാണ് അമേരിക്ക. ഈ കഴിഞ്ഞ സപ്തംബറില്‍ ന്യുയോര്‍ക്കിലെ ഒരു ജൂതകേന്ദ്രത്തില്‍ വന്‍തീവ്രവാദ ആക്രമണം അഴിച്ചുവിടാന്‍ പദ്ധതിയിട്ട ഇസ്ലാമിക ഭീകരവാദിയെ കാനഡ-യു.എസ്.എ. അതിര്‍ത്തിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷാഹ്സീബ് ഖാന് എന്ന പാകിസ്താനി ആണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കനേഡിയന്‍ പോലീസിന്റെ പിടിയിലായത്. അമേരിക്കയില്‍ ആക്രമണം നടത്താനുള്ള പദ്ധതിയുമായി കാനഡയിലേക്ക് മുഹമ്മദ് എത്തിയത് സ്റ്റുഡന്റ് വിസയിലാണെന്നതാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാക്കുന്നത്. ഇതേപോലെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള നിരവധി തീവ്രവാദികള്‍ അടുത്തിടയായി കാനഡയില്‍ പിടിയിലായിട്ടുണ്ട്. പഞ്ചാബില്‍ നിന്നും മറ്റും ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേര്‍ വര്‍ഷാവര്‍ഷം കാനഡയിലേക്ക് കിടക്കുന്നതായി ഭാരത അന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്.
ഖാലിസ്ഥാനികളുടെ ഹിന്ദുവിരുദ്ധ പ്രചാരണത്തിന് പിന്നില്‍ നിരവധി രാഷ്ട്രീയേതര കാരണങ്ങളുമുണ്ട്. കാനഡയിലെ വര്‍ധിച്ചു വരുന്ന ഹിന്ദു ജനസംഖ്യ ഖാലിസ്ഥാനികളെ വെറിളി പിടിപ്പിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അധികം ചര്‍ച്ച ചെയ്യാതെപോകുന്ന മറ്റൊരു വശം ഖാലിസ്ഥാനികളുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യകടത്തിന്റേതാണ്. പഞ്ചാബില്‍ നിന്ന് പ്രതിവര്‍ഷം ആയിരക്കണക്കിന് സിഖ്മതസ്ഥരാണ് അഭയാര്‍ഥി വിസയില്‍ കാനഡയിലേക്കെത്തുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ സിഖ് വി രുദ്ധ കലാപങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഭാരതത്തില്‍ സിഖ് ന്യൂനപക്ഷങ്ങളെ ഹിന്ദുക്കള്‍ പീഡിപ്പിക്കുന്നു എന്ന് സമര്‍ത്ഥിക്കുന്ന വ്യാജ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥി വിസകളാണ് ഖാലിസ്ഥാനികള്‍ ചുളുവില്‍ കരസ്ഥമാക്കുന്നത്. ഈ മനുഷ്യക്കടത്തിന് കുടപിടിക്കുന്ന സമീപനമാണ് കനേഡിയന്‍ ഏജന്‍സികളും നടത്തുന്നത്. ഈ വ്യാജപ്രചാരണത്തെ സാധൂകരിക്കാന്‍ ഒട്ടനവധി വ്യാജരേഖകളാണ് കനേഡിയന്‍ സ്റ്റേറ്റ് ഏജന്‍സികള്‍ ഇതിനോടകം കെട്ടിച്ചമച്ചിരിക്കുന്നത്. ഇതിനു പിന്നിലെ സാമ്പത്തിക-രാജ്യവിരുദ്ധ താല്പര്യങ്ങള് ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.
നോര്‍ത്ത് അമേരിക്ക കണ്ട എക്കാലത്തെയും വലിയ തീവ്രവാദി അക്രമങ്ങളില്‍ ഒന്നായ കനിഷ്ക സ്ഫോടനത്തിന്റെ സൂത്രധാരന്മാരെ കേവലം വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് പാലൂട്ടി വളര്‍ത്തുന്ന ട്രൂഡോ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ ഭാരതത്തിന്റെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങേണ്ടി വരും എന്നതിന് ദൃഷ്ടാന്തമായി ചില സംഭവങ്ങളും ട്രംപിന്റെ വിജയത്തിന് ശേഷമുണ്ടായി. 2023 ജൂണില്‍ കൊല്ലപ്പെട്ട തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളിയായ അര്‍ഷദീപ് സിംഗ് ഗില്ലിനെ കാനഡ പൊടുന്നനെ അറസ്റ്റ് ചെയ്തത് ട്രൂഡോ തന്റെ കടുത്ത ഭാരതവിരുദ്ധ നിലപാടില്‍ നിന്ന് പിന്നാക്കം പോകുന്നു എന്നതിന്റെ സൂചനയായി കാണുന്നവരുണ്ട്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തിന് ശേഷം ഖാലിസ്ഥാനികളോടുള്ള കനേഡിയന്‍ ഭരണകൂടത്തിന്റെ മൃദുസമീപനത്തില്‍ മാറ്റങ്ങളുണ്ടാകുന്നു എന്നത് ശുഭസൂചനയാണ്.
അമേരിക്കയിലെ പ്രമുഖ സംരംഭകനും റിപ്പബ്ലിക്കന്‍ ഹിന്ദു കോഅലിഷന്‍ സ്ഥാപകനുമായ ശലഭ് ശാലി കുമാറിന്റെ അഭിപ്രായത്തില്‍ ട്രംപിന്റെ ഭരണത്തിന് കീഴില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല; ഒപ്പം, ട്രൂഡോക്കും ട്രംപിന്റെ തീവ്രവാദവിരുദ്ധ നയങ്ങള്‍ സ്വന്തം രാജ്യത്തും നടപ്പിലാക്കേണ്ടി വരും. കാനഡയിലെ ബഹുഭൂരിപക്ഷം വരുന്ന സിഖ് മതവിശ്വാസികള്‍ക്ക് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഒരു വലിയ ബാധ്യതയായി മാറിയിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. പൊതുവെ സമാധാന പ്രിയരായ കനേഡിയന്‍ സമൂഹം സാധാരണ സിഖ്മത വിശ്വാസികളെ സംശയത്തോടെ കാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല സിഖ് സംരംഭകരും ഇതില്‍ ആശങ്കാകുലരാണ്. ബിന്ദ്രന്‍വാലയുടെ കാലത്തെ പഞ്ചാബിന് സമാനമായി, കാനഡയിലും അമേരിക്കയിലുമുള്ള മിതവാദികളായ സിഖ് വിശ്വാസികളിലേറെ പേരും ഭയംകൊണ്ടുമാത്രമാണ് തീവ്രവാദത്തിനെതിരെ നിശ്ശബ്ദരായിരിക്കുന്നത്. ഭൂരിപക്ഷം സിഖുകാരും ഭാരതവുമായി സൗഹാര്‍ദ്ദപരമായ ഒരു ബന്ധമാണ് ആഗ്രഹിക്കുന്നത്.
ഒരു തികഞ്ഞ ഭാരതഅനുകൂലിയും പാക് വിരുദ്ധയുമായ തുളസി ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതുള്‍പ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ഭാരതത്തിന് അനുകൂലമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ മൈക്ക് വാട്സും ഭാരതവും അമേരിക്കയും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന പക്ഷക്കാരനാണ്. ഭാരതത്തോട് വളരെ അനുഭാവപൂര്‍ണമായ സമീപനം പുലര്‍ത്തുന്ന വാട്സ് ഒരു കടുത്ത ട്രൂഡോ വിമര്‍ശകനും കൂടിയാണ്. ഒപ്പം, അമേരിക്കന്‍ ചാര സംഘടനായ സി.ഐ.എയുടെ മേധാവിയായി നിയമിതനായ ജോണ്‍ റാഡ്ക്ലിഫും ഇന്‍ഡോ-പസിഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തില്‍ ഭാരതത്തിന്റെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നയാളാണ്. ട്രംപിന്റെ കാബിനറ്റില്‍ ഭാരതവംശജരും ഭാരതഅനുകൂലികളുമായ ഒട്ടനവധി പേരുകളാണുള്ളത്. അഭൂതപൂര്‍വമായ ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ-അമേരിക്കന്‍ ബന്ധം അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല നാളുകളിലേക്ക് കടക്കുന്നു എന്നുതന്നെയാണ്.
(ഓര്‍ഗനൈസര്‍ വീക്കിലിയുടെ മുന്‍ പത്രാധിപ സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: