ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളൊഴിവാക്കാന്‍ ഇനി ഇ-കൊമ്പനിറങ്ങും. വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നു ജനവാസമേഖലകളിലിറങ്ങുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുകയാണ് കോഴിക്കോട് വട്ടോളി നാഷണല്‍ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍.
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ വി.കെ. മുക്ത, ആര്‍.ബി. ദേവാംഗന എന്നിവര്‍ ‘ഇ-കൊമ്പന്‍’ എന്ന റോവറിനെ അവതരിപ്പിച്ചത്. ആനിമല്‍ ഡിറ്റക്ഷന്‍ ട്രാക്കിങ് റോവര്‍ ആണിത്.
ഇ-കൊമ്പന്‍ പ്രവര്‍ത്തിക്കുന്നതിന്റെ രീതി മുക്തയും ദേവാംഗനയും സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുകൊടുത്തു. കാടും പരിസരവും എഐ ക്യാമറയിലൂടെ നിരീക്ഷണത്തിലാക്കുകയാണ് ആദ്യ പടി. ഇവ മൃഗങ്ങളേയും കാടിനുണ്ടാക്കുന്ന മാറ്റങ്ങളേയും ട്രാക്ക് ചെയ്യും. ഇതോടൊപ്പം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറും കാടിനുള്ളില്‍ മൃഗങ്ങളെ നിരീക്ഷിക്കും. ഏതെങ്കിലും മേഖലയില്‍ മൃഗങ്ങള്‍ ജനവാസകേന്ദത്തിന് അടുത്തെത്തുമ്പോള്‍ മൊബൈല്‍ വഴി നിയന്ത്രിക്കുന്ന റോവര്‍ ആ പ്രദേശത്തേക്ക് എത്തി മൃഗങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിനായി പ്രത്യേക ശബ്ദങ്ങളുണ്ടാക്കും. ഭാവിയില്‍ ഡ്രോണ്‍ സഹായത്തോടെ നിരീക്ഷണം നടത്തുന്നത് അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇരുവരും പറയുന്നു.
ശാസ്ത്രോത്സവത്തില്‍ 1000 പോയിന്റുമായി മലപ്പുറമാണ് മുന്നില്‍. 965 പോയിന്‍ുമായി കണ്ണൂര്‍ രണ്ടും 952 പോയിന്റുമായി കോഴിക്കോട് മൂന്നും സ്ഥാനത്തുണ്ട്. പാലക്കാട് (930), തൃശ്ശൂര്‍ (921), എറണാകുളം (896), കോട്ടയം (880), തിരുവനന്തപുരം (874), കൊല്ലം (864), കാസര്‍കോട് (861), വയനാട് (847), ആലപ്പുഴ (845), പത്തനംതിട്ട (828), ഇടുക്കി (808) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. സ്‌കൂളുകളില്‍ മുന്നില്‍ ഇടുക്കി കൂമണ്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് ആണ്. ഇവര്‍ക്ക് 86 പോയിന്റുണ്ട്. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടാമതും ഇടുക്കി ഇരട്ടയാര്‍ എസ്ടിഎച്ച്എസ് മൂന്നാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: