ചാവക്കാട്: വിവിധ പ്രദേശങ്ങളില്‍ സ്വകാര്യ സ്വത്തുക്കളിലേക്കുള്ള വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റം ഭീതി ഉണര്‍ത്തുന്നതാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും സിറോ മലബാര്‍ സഭ തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് ചാവക്കാട്ട് അമ്പതോളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്കിയതിനെ തുടര്‍ന്ന് പാലയൂര്‍ ഫൊറോന സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന ആളുകളെ പങ്കെടുപ്പിച്ച് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് ഓഫീസിന് സമീപം സമാപിച്ചു. പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.
വര്‍ഷങ്ങളായി പാലയൂര്‍, തെക്കന്‍ പാലയൂര്‍, ചക്കം കണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി അമ്പതില്‍പ്പരം വീട്ടുകാര്‍ താമസിക്കുന്ന സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. മന്ത്രിമാര്‍, കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്കിയിട്ടും മറുപടി ലഭിച്ചിട്ടില്ല. ഇത് പ്രകടമായ നീതി നിഷേധമാണ്, യോഗം കുറ്റപ്പെടുത്തി.
തീര്‍ത്ഥ കേന്ദ്രം ട്രസ്റ്റി സേവിയര്‍ വാകയില്‍ പ്രമേയം അവതരിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍, പി.ഐ. ലാസര്‍, തോമസ് ചിറമ്മല്‍, ജോയ്സി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ഫ്രാന്‍സിസ് ചിരിയം കണ്ടത്ത്, പി.എ. ഹെയ്സണ്‍, ചാക്കോ പുലിക്കോട്ടില്‍, ജോഫി ജോയ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: