കൊച്ചി: മഹാഭാരത ദര്‍ശന ചിന്തകള്‍ നിറഞ്ഞ സദസില്‍ തപസ്യ കലാസാഹിത്യവേദിയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷണിന് പദ്മശ്രീ സദനം ബാലകൃഷ്ണന് സമ്മാനിച്ചു.
വിശ്വംഭരന് മാഷിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിന്റെ അദ്ധ്യാപകന് കൂടിയായ എസ്. ഗുപ്തന് നായരുടെ മകന്, ശശിഭൂഷണിന് സമര്‍പ്പിക്കുന്നത് കാവ്യനീതിയാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത വാര്‍ത്തികം മുന്‍ പത്രാധിപര്‍ പ്രൊഫ.കെ.പി. ശശിധരന് പറഞ്ഞു. പെരുവഴിയേ നടക്കാതെ പുതുവഴി സൃഷ്ടിക്കുകയാണ് വിശ്വംഭരന് മാഷും ശശിഭൂഷണും ചെയ്തത്. എല്ലാ നല്ല കാര്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന രാഷ്ട്രീയമാണ് പുതിയകാലത്തെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. സംസ്കാരവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം നേര്‍ത്തില്ലാതാവുന്ന കാലത്ത് പുതുവഴിയെ സധൈര്യം നടക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരികവും ആത്മീയവുമായിരുന്നു വിശ്വംഭരന് മാഷിന്റെ വ്യക്തിസത്തയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. സ്വാര്‍ത്ഥതാത്പര്യങ്ങളോ വ്യക്തിതാത്പര്യങ്ങളോ അദ്ദേഹത്തില്‍ കാണാന്‍ സാധിക്കില്ല. ഭാരതീയ ദര്‍ശനം അദ്ദേഹം മുറുകെ പിടിച്ചു. കാപട്യത്തെ അംഗീകരിച്ചില്ല. ഉറച്ച നിലപാടുകളുണ്ടായിരുന്നപ്പോഴും ആശയവലയത്തിനപ്പുറം വലിയ സുഹൃദ്വലയം കാത്തുസൂക്ഷിച്ചിരുന്നു, സഞ്ജയന് പറഞ്ഞു.
ചരിത്രത്തിന്റെ യാദൃച്ഛികതയാണ് ഈ പുരസ്കാരമെന്ന് എം.ജി. ശശിഭൂഷണ്‍ മറുപടിയില്‍ പറഞ്ഞു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മകള്‍ വി. സുമ, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് സംസ്കൃത വിഭാഗം അദ്ധ്യാപിക ഡോ. ലക്ഷ്മി ശങ്കര്‍, തപസ്യ ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്, സംസ്ഥാന സമിതിയംഗം കെ. സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: