ടെഹ്റാൻ: സ്ത്രീകള്‍ ഹിജാബ് ധരിക്കാതിരിക്കുന്നത് ഒരു രോഗം തന്നെയാണെന്ന് ഇറാന്. ഇത്തരം സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഇറാന് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നു.
സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ് ഹിജാബ് ഊരിമാറ്റുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ‘ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്കുകള്‍ ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
കാമ്പസിൽ ഹിജാബ് അഴിച്ച് പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം ഉണ്ടായത്. ഹിജാബ് ധരിക്കാത്തതിന് സെക്യൂരിറ്റി ഗാർഡുകൾ മർദ്ധിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടി സർവകലാശാലാ കാമ്പസിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ഇറാന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോഗികളും തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ചികിത്സക്കായല്ല ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ഇത് പ്രവർത്തിക്കുകയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകർ വിമര്‍ശിക്കുന്നു. . പ്രതിഷേധക്കാരെ മാനസിക രോഗികളായി മുദ്രകുത്തി പീഡിപ്പിക്കുകയും നിർബന്ധിതമായി ചികിത്സിക്കുകയും ചെയ്യുന്ന ഇറാന്റെ നടപടിക്കെതിരെ നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: