ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥും വിദ്യാര്‍ത്ഥികളുമായി നടത്തിയ ശാസ്ത്രസംവാദം ജിജ്ഞാസയുടെ ആഘോഷമായി മാറി.
ബഹിരാകാശത്തെ ഭാരത കുതിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ ലളിതമായി വിശദീകരിക്കുന്ന സദസായി മാറിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ലളിതമായി മറുപടി പറഞ്ഞും തമാശകള്‍ പറഞ്ഞ് രസിപ്പിച്ചും ശാസ്ത്രാധ്യാപകനെപ്പോലെ ഡോ. സോമനാഥും കൂടെക്കൂടി.
ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടാവണം, എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണമെന്നും ഡോ. സോമനാഥ് കുട്ടികളോട് പറഞ്ഞു.
മൈക്കല്‍ ഫാരഡേ പറഞ്ഞെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കരുത്, അത് സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കണം. റോക്കറ്റിന്റെ എക്‌സ്‌റേ വിശകലനം ചെയ്യാന്‍ അടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത പാസ്വേര്‍ഡ് ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും പുതിയ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ദുരന്തനിവാരണത്തിന് വരെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്വാണ്ടം എന്റാംഗിള്‍മെന്റ് പരീക്ഷണങ്ങള്‍, മൊബൈല്‍ സിഗ്നല്‍ സഞ്ചാരം, റീ ഫ്യുവലിങ് സാറ്റലൈറ്റ്, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ നീക്കല്‍, എന്‍ജിഎല്‍ഡി റോക്കറ്റ്, ടെറാ ഫോമിങ്, മില്‍ക്കിവേ, ആന്‍ഡ്രോമെഡ ഗ്യാലക്സികള്‍ തമ്മിലുള്ള കൂട്ടിയിടി, ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ ദൗത്യം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഡോ. സോമനാഥ് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
അഞ്ചാം ക്ലാസുകാരിയായ അന്നാ മറിയം ജോണിന് അറിയേണ്ടിയിരുന്നത് സുനിത വില്യംസ് തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. 25000 ഉപഗ്രഹങ്ങളും ലക്ഷക്കണക്കിന് ഉപഗ്രഹാവശിഷ്ടങ്ങളും അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശത്ത് ട്രാഫിക് റെഗുലേഷന്‍ വലിയ ഉത്തരാദിത്തമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ടൈം ട്രാവല്‍ സാധ്യമാകുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിലേക്ക് പോയി നിരീക്ഷണം സാധിക്കുമെന്ന് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ദൗത്യം ചൂണ്ടിക്കാട്ടി ഡോ. സോമനാഥ് പറഞ്ഞു.
രണ്ട് മണിക്കൂറോളം നീണ്ട സെഷനെടുവില്‍ മന്ത്രി സജി ചെറിയാന്‍ ഡോ. സോമനാഥിന് നന്ദി പറഞ്ഞു. സജി ചെറിയാനും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയും ചേര്‍ന്ന് ഡോ. എസ്. സോമനാഥിനെ പൊന്നാടയണിയിച്ചു. ശാസ്ത്രാധ്യാപകന്‍ എസ്. സത്യജ്യോതി മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: