ന്യൂദല്‍ഹി: മതാടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്‌ട്രയിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് അന്തരീക്ഷം തകര്‍ക്കാന്‍ ചില മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നതായി ബിജെപി. ഇത്തരം സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോടും സുപ്രീംകോടതിയോടും ബിജെപി ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിന് അഖിലേന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഭാരവാഹിയായ മൗലാന സജ്ജാദ് നൊമാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
269 സീറ്റുകളില്‍ എംവിഎയെയും ബാക്കി സീറ്റുകളില്‍ മറ്റ് ബിജെപി ഇതര പാര്‍ട്ടികളെയും പിന്തുണയ്‌ക്കണമെന്നാണ് നൊമാനി മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി-സിപിഐ (എംഎല്‍) ലിബറേഷന്‍ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ഝാര്‍ഖണ്ഡിലെ ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ലോഹര്‍ദാഗ യൂണിറ്റ് നേരത്തെ ആഹ്വാനം ചെയ്തിരുന്നതായും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. ഇത് വോട്ട് ജിഹാദാണ്. കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ, ശരദ് പവാര്‍ എന്നിവര്‍ പ്രീണന രാഷ്‌ട്രീയം കളിക്കുകയാണ്.
രാജ്യത്തിന്റെ അഖണ്ഡതയെക്കാള്‍ അവര്‍ അധികാരത്തിന് മുന്‍ഗണന നല്കുന്നു. ഇന്‍ഡി സഖ്യം വോട്ടിനായി അനധികൃത കുടിയേറ്റക്കാരെ പ്രീണിപ്പിക്കുന്നത് രാഷ്‌ട്രസുരക്ഷയ്‌ക്ക് ഭീഷണിയാണ്. തെരഞ്ഞെടുപ്പ് പരിശുദ്ധമാകണം, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം വോട്ടര്‍മാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. വോട്ടര്‍മാരെ ധ്രുവീകരിക്കുന്നതിലൂടെ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും തുല്യപരിഗണനയാണ് നല്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മതാടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസും ശരദ് പവാറും ഉദ്ധവ് താക്കറെയും പ്രീണന രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുകയാണ്. മതാടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള തന്ത്രങ്ങളാണ് ഇവര്‍ രൂപപ്പെടുത്തുന്നത്. സമൂഹത്തില്‍ വിള്ളല്‍ വീഴ്‌ത്താനുള്ള അപകടകരമായ ശ്രമമാണത്.
ചില മുസ്ലിം സംഘടനകള്‍ ചില ആവശ്യങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളില്‍ പലതും ഭീഷണി ഉയര്‍ത്തുന്നതാണ്. ജനങ്ങള്‍ ഒരുമിച്ചുനിന്നാല്‍ മാത്രമേ നമുക്ക് നമ്മുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ കഴിയൂ. ഒരു വോട്ട് ജിഹാദ് ഉണ്ടെങ്കില്‍, അതിനെ ധര്‍മ്മയുദ്ധത്തിലൂടെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: