കാങ്കര്‍(ഛത്തിസ്ഗഡ്): മാവോയിസ്റ്റ് ഭീകരരെ തുടച്ചുനീക്കാനുള്ള സൈനിക നടപടി കാങ്കറിലെ വനമേഖലയില്‍ തുടരുന്നു. ഇന്നലെ നാരായണ്‍പൂര്‍ അതിര്‍ത്തിയില്‍ നടന്ന വെടിവയ്പില്‍ അഞ്ച് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. നാരായണ്‍പൂര്‍ അതിര്‍ത്തിയിലെ അബുജ്മദ് വനത്തിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമില്ലെന്ന് ബസ്തര്‍ ഐജി പി. സുന്ദര്‍രാജ് പറഞ്ഞു. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് റായ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചു.
ബസ്തറിനെ മാവോയിസ്റ്റ് മുക്തമാക്കുക എന്ന സര്‍ക്കാരിന്റെ വാക്ക് ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി അരുണ്‍ സാവോ പറഞ്ഞു. ബസ്തറിനെ ക്രമേണ വികസനത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച തെരച്ചിലാണ് ഇന്നലെ സൈനിക നടപടിയിലേക്ക് നീങ്ങിയത്. നേരത്തെ ബിജാപൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക