കോഴിക്കോട് : ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പിനിടെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍.രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കേട്ടുകേള്‍വിയില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയതെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. സിപിഎം ആണ് അക്രമങ്ങള്‍ക്ക് നേത്യത്വം നല്‍കിയതെന്നും പത്ത് ജീപ്പുകളാണ് പ്രവര്‍ത്തകര്‍ തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.സി പി എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടമാണ് നടന്നത്. പൊലീസ് നോക്കുകുത്തിയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. സിപിഎം 5000 കള്ളവോട്ടുകള്‍ ചെയ്തുവെന്ന് പറഞ്ഞ എം കെ രാഘവന്‍, അര്‍ഹരായ വോട്ടര്‍മാരെ തടഞ്ഞുവെച്ച് അക്രമത്തിലൂടെ ബാങ്ക് ഭരണം പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി.
രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെയായിരുന്നു വോട്ടെടുപ്പ്. ഏറെ കാലമായി കോണ്‍ഗ്രസ് ഭരണത്തിലുളള ബാങ്കാണ്. കോണ്‍ഗ്രസിന്റെ 11 അംഗ പാനലും കോണ്‍ഗ്രസിന്റെ വിമത വിഭാഗമുള്‍പ്പെടെ സി പി എം പിന്തുണയ്‌ക്കുന്ന 11 അംഗ പാനലുമാണ് പ്രധാനമായും മത്സരരംഗത്തുളളത്. ബാങ്ക് സംരക്ഷണ സമിതി എന്ന പേരിലാണ് വിമതര്‍ സി പി എം പിന്തുണയോടെ മത്സരിച്ചത്.
സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ബിജെ പിയും ആരോപിച്ചു. വോട്ടര്‍മാരില്‍ പലരും കള്ളവോട് മൂലം വോട്ട് ചെയ്യാനാകാതെ മടങ്ങി.
36,000 ത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് നാലരയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക