കൊല്‍ക്കൊത്ത: ടാറ്റ സ്റ്റീല്‍ ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്സന് കിരീടം നേടിയപ്പോള്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ് ആയി. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മാഗ്നസ് കാള്‍സന്‍ ടാറ്റാ സ്റ്റീല്‍ റാപിഡില്‍ കിരീടം നേടുന്നത്.
ഇന്ത്യയിലെ കൊല്‍ക്കൊത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍, വിന്‍സെന്‍റ് കെയ്മര്‍, അബ്ദു സത്തൊറോവ് തുടങ്ങി വിശ്വോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ എല്ലാം മാറ്റുരയ്‌ക്കുന്നുണ്ട്. അതിവേഗക്കളിയാണ് റാപിഡ് ചെസ്. അതില്‍ മാഗ്നസ് കാള്‍സനെപ്പോലെ ഇന്ത്യയുടെ 18കാരന്‍ പ്രജ്ഞാനന്ദയും പ്രഗത്ഭനാണ്. ഏഴാം റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറെയും എട്ടാം റൗണ്ടില്‍ റഷ്യയുടെ ഡാനില്‍ ഡുബോവിനെയും തകര്‍ത്ത നോര്‍വ്വേ താരം മാഗ്നസ് കാള്‍സന്‍ ഒമ്പതാം റൗണ്ടില്‍ ഉസ്ബെക്കിസ്ഥാന്റെ അപകടകാരിയായ താരം നോഡിര്‍ബെക് അബ്ദുസത്തൊറൊവുമായി സമനിലയും പാലിച്ചു. ഇതോടെ ആകെ ഒമ്പത് റൗണ്ടില്‍ 7.5 പോയിന്‍റ് എന്ന തിളക്കമാര്‍ന്ന നേട്ടത്തോടെയാണ് റാപിഡില്‍ മാഗ്നസ് കാള്സന് കിരീടം നേടിയത്.
അതുവരെ കാള്‍സന് ഒപ്പം പിടിച്ചിരുന്ന നോഡിര്‍ബെക് അബ്ദുസത്തൊറൊവ് അവസാന റൗണ്ടുകളില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോടും അമേരിക്കയുടെ വെസ്ലി സോയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അവസാന റൗണ്ടില്‍ മാഗ്നസ് കാള്‍സനോട് സമനില വഴങ്ങേണ്ടിയും വന്നു. വിദിത് ഗുജറാത്തി, എസ് എല്‍ നാരായണന്‍, വെസ്ലിസോ, അര്‍ജുന്‍ എരിഗെയ്സി, വിന്‍സെന്‍റ് കെയ്മര്‍, ഡാനില്‍ ഡുബൊവ് എന്നിവരെ തോല്‍പിച്ചപ്പോള്‍ പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍, നോഡിര്‍ബെക് അബ്ദുസത്തൊറൊവ് എന്നിവര്‍ മാഗ്നസ് കാള്‍സനെ സമനില പിടിച്ചു.
അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയും ഇന്ത്യയുടെ പ്രജ്ഞാനന്ദയും 5.5 പോയിന്‍റുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. എന്നാല്‍ സമനിലയെത്തുടര്‍ന്നുള്ള ടൈബ്രേക്ക് മത്സരത്തില്‍ പ്രജ്ഞാനന്ദ വിജയം വരിച്ചതോടെ (3-2.5 പോയിന്‍റ്) റണ്ണര്‍ അപ് ആയി. വെസ്ലി സോയ്‌ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. നേരത്തെ റാപിഡില്‍ മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചിരുന്നു.
ഇനി റാപിഡിനേക്കാള്‍ അതിവേഗ ചെസ് ആയ ബ്ലിറ്റ്സ് റൗണ്ട് കൂടി ബാക്കിയുണ്ട്.
വനിതാവിഭാഗത്തില്‍ റഷ്യയുടെ അലക്സാന്ദ്ര ഗോര്യച്ച് കിന റാപിഡ് വിഭാഗത്തില്‍ കിരീടം.നേടി. അവസാന റൗണ്ടില്‍ ഇന്ത്യയുടെ കൊനേരു ഹംപിയുമായി സമനില പാലിച്ച അലക്സാന്ദ്ര ഗോര്യച്ച് കിന അതിന് തൊട്ടുമുമ്പുള്ള റൗണ്ടുകളില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിനെയും റഷ്യയുടെ തന്നെ വലന്‍റിന ഗുനിനയെയും തോല്‍പിച്ചാണ് ചാമ്പ്യനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക