Marukara

അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി അവതരിപ്പിച്ച് റാസൽഖൈമ : ദീർഘകാല റെസിഡൻസി നേടാൻ സുവർണാവസരം

ദുബായ് : റാസൽഖൈമ എമിറേറ്റിലെ പൊതു സ്വകാര്യ സ്‌കൂൾ അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി സംബന്ധിച്ച് റാസൽഖൈമ വിദ്യാഭ്യാസ വകുപ്പ്  പ്രഖ്യാപനം നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പദ്ധതിയിലൂടെ ഏതാനം മാനദണ്ഡങ്ങൾ പാലിക്കുന്ന അധ്യാപകർക്ക് സ്വയം സ്പോൺസർ ചെയ്ത് കൊണ്ട് യുഎഇയിൽ ദീർഘകാല റെസിഡൻസി നേടുന്നതിന് അവസരം ലഭിക്കുന്നതാണ്.

റാസൽഖൈമയിലെ വിദ്യാലയങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, ഡയറക്ടർമാർ എന്നിവരുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ അസാധാരണ പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ‘സ്കൂൾ ലീഡർമാർ’, ‘അധ്യാപകർ’ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾക്കായാണ് ഈ പദ്ധതി അനുവദിച്ചിരിക്കുന്നത്.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്കൂൾ ഡയറക്ടർ എന്നിവരാണ് ‘സ്കൂൾ ലീഡർമാർ’ എന്ന വിഭാഗത്തിൽ പെടുന്നത്. നിലവിലെ റാസ്‌ അൽ ഖൈമയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകർ ഉൾപ്പെടുന്നതാണ് ‘അധ്യാപകർ’ എന്ന വിഭാഗം.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകർക്ക് യോഗ്യത നേടുന്നതിനുള്ള അപേക്ഷാ പ്രക്രിയ ഡിപ്പാർട്ട്മെൻ്റിന്റെ നേതൃത്വത്തിൽ നടക്കുന്നതാണ്. എമിറേറ്റിലെ സ്വകാര്യമേഖലാ വിദ്യാഭ്യാസത്തിനായുള്ള റെഗുലേറ്ററി അതോറിറ്റി എന്ന നിലയിലാണ് ഡിപ്പാർട്ട്മെൻ്റ് ഈ പ്രക്രിയ നടത്തുന്നത്.

റാസൽ ഖൈമയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ റെസിഡൻസിയും ജോലിയും, പ്രസക്തമായ ഉന്നത ബിരുദവും അവരുടെ സ്കൂളിന്റെ പ്രകടനത്തിൽ പ്രകടമായ നല്ല സ്വാധീനവും ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഇത്തരം അപേക്ഷകൾ നൽകാവുന്നതാണ്.

യോഗ്യരായ അധ്യാപകർ ഒരു ഔദ്യോഗിക അപ്പോയിൻ്റ്മെൻ്റ് ലെറ്റർ, വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവ്, റെസിഡൻസിയുടെയും ജോലിയുടെയും ഡോക്യുമെൻ്റേഷൻ, സ്കൂൾ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവർ നൽകിയ സംഭാവനകളുടെ തെളിവുകൾ എന്നിവ സമർപ്പിക്കേണ്ടതാണ്.

ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ, ഗോൾഡൻ വിസ പ്രോസസ്സിംഗിനായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് സന്ദർശിക്കാനുള്ള യോഗ്യതയുടെ സ്ഥിരീകരണം അധികൃതർ പരിശോധിച്ച് അധ്യാപകരെ അറിയിക്കുന്നതാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക