ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ടിവിറ്റി നെറ്റ്‌വർക്ക് ഉറപ്പാക്കാൻ ബിഎസ്എൻഎൽ. പദ്ധതിയുടെ ഉദ്ഘാടനം പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്.പ്രശാന്ത്, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജ്യോതിഷ്‌കുമാർ, ജെ ടി ഒ അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിലയ്‌ക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചതായി ബിഎസ്എൻഎൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ് കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്.
ഇതിന് പുറമെ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ വഴി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളെയും സേവനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കാനും കഴിയും.
ബിഎസ്എൻഎൽ വൈ-ഫൈ സെറ്റ് ചെയ്യുന്നതെങ്ങനെ?
ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ സേവനം ലഭിക്കാൻ ഫോണിലെ വൈ-ഫൈ ഓപ്ഷൻ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്‌ക്രീനിൽ കാണിക്കുന്ന ബിഎസ്എൻഎൽ വൈ-ഫൈ (BSNL WiFi) അല്ലെങ്കിൽ ബിഎസ്എൻഎൽപിഎം വാണി(bsnlpmwani) എന്ന നെറ്റ്‌വർക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക. കണക്ട് ചെയ്യുമ്പോൾ തുറന്നുവരുന്ന വെബ്പേജിൽ പത്ത് അക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എന്റർ ചെയ്താൽ ഉടനടി ബിഎസ്എൻഎൽ വൈ-ഫൈ ലഭിക്കും.
300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയാണ് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലിലും വിന്യസിച്ചിരിക്കുന്നത്.
ബി.എസ്.എൻ.എൽ. അടുത്തിടെ തുടങ്ങിയ എഫ്.ടി.ടി.എച്ച്. റോമിംഗ് സൗകര്യത്തിൽ വീട്ടിലെ കണക്ഷൻ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക