Kerala

പാലക്കാട്ടെ ഇരട്ട വോട്ടുകൾക്ക് പിന്നിൽ സിപിഎം; കോടതിയെ സമീപിക്കാൻ എൻഡിഎ, പി.സരിൻ വോട്ട് മാറ്റിയതെങ്ങനെയെന്ന് സി.കൃഷ്ണകുമാർ

Published by

പാലക്കാട്: ഇരട്ട വോട്ടുകൾക്ക് പിന്നിൽ സിപി എം ആണെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ഇരട്ടവോട്ടുള്ളവരുടെ രാഷ്‌ട്രീയം പരിശോധിച്ചാൽ അത് മനസിലാവും. മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ഒരു വർഷമായി പാലക്കാട്ടാണ് താമസിക്കുന്നത്. പട്ടാമ്പി മണ്ഡലത്തിൽ നിന്നും വോട്ട് ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നു. ഇടത് സ്ഥാനാർത്ഥി പി.സരിൻ എങ്ങനെയാണ് പാലക്കാട്ടേയ്‌ക്ക് വോട്ട് മാറ്റിയതെന്ന് പരിശോധിക്കണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സരിന്റെ വോട്ട് വാടക വീടിന്റെ മേൽവിലാസത്തിലാണെന്നും ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. 1,68,000 കള്ളവോട്ടുകൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് എല്ലാ വിവരങ്ങളും നല്‍കിയിരുന്നു. ഈ വോട്ടുകള്‍ പരിശോധിക്കണമെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും അന്ന് ആവശ്യപ്പെട്ടതാണ്.

വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തതാണ്. നിഷേധാത്മക സമീപനമാണ് അന്ന് ജില്ലാ കളക്ടര്‍ സ്വീകരിച്ചത്. അതിന്റെ ഫലമാണ് ഇപ്പോഴും ഇരട്ട വോട്ട് എല്ലാ പ്രദേശത്തും വരുന്നത്. ഇത് തടയേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഎം ജില്ലയില്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ് – കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, വോട്ട് വിവാദത്തിൽ ജില്ലാ കളക്ടര്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും , റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by