കോട്ടയം: മീനച്ചില്‍ നദീതട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. ഇടുക്കി മൂലമറ്റം നിലയത്തിലെ വൈദ്യുതോല്പാദനത്തിനു ശേഷം ഒഴുക്കിവിടുന്ന ജലം മീനച്ചിലാറ്റില്‍ എത്തിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തുന്ന പദ്ധതിയാണ് ഇത്. പദ്ധതി സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി മന്ത്രിക്ക് കൈമാറിയിരുന്നു. ഡിപിആര്‍ കൂടി ലഭ്യമാകുന്നതോടെ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിയുമെന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. പദ്ധതി പ്രകാരം അറക്കുളം മൂന്നുങ്കവയലില്‍ ചെക്ക്ഡാം നിര്‍മ്മിക്കും. ഇവിടെനിന്ന് 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മ്മിച്ച് ജലം മൂന്നിലവ് പഞ്ചായത്തിലും അവിടെനിന്ന് ഇരുനൂറ് മീറ്റര്‍ ചാലു കീറി കടപുഴയിലും എത്തിക്കും .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ആസൂത്രണം ചെയ്ത പദ്ധതിക്കാണ് ഡിപിആര്‍ തയ്യാറാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: