India

ബുള്‍ഡോസര്‍ പൊളി; സുപ്രീംകോടതി ഉത്തരവില്‍ അവസാനം വഴിത്തിരിവ്;റോഡിലെ പുഴയോരത്തിലെ അനധികൃത നിര്‍മ്മാണം പൊളിയ്‌ക്കാം

Published by

ന്യൂദല്‍ഹി: കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

“ഇത്തരം കേസില്‍ അനധികൃതക്കെട്ടിടത്തിന്റെ ഉടമയ്‌ക്ക് പൊളിക്കുന്നതിന് 15 ദിവസത്തിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് മാത്രം. ഈ നോട്ടീസ് രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കണം. നോട്ടീസ് കൈപ്പറ്റിയെന്ന് ഉറപ്പായാല്‍ കോടതി ഉടനെ കലക്ടറെയോ ജില്ലാ മജിസ്ട്രേറ്റിനെയോ ഇ മെയില്‍ വഴി അറിയിക്കണം. ഈ നോട്ടീസില്‍ അനധികൃത നിര്‍മ്മാണത്തിന്റെ സ്വഭാവം, പ്രത്യേകമായ ലംഘനമെന്തെന്നുള്ള വിശദീകരണം,പൊളിക്കുന്നതിനുള്ള അടിസ്ഥാനകാരണം എന്നിവ വിശദീകരിച്ചിരിക്കണം.”.- സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും പൊളിച്ച് നീതി നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതി ഒട്ടേറെ വിമര‍്ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ വിധി പറയുമ്പോള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ റോഡരികിലെയും പുഴയോരങ്ങളിലെയും നിര്‍മ്മിതികള്‍ പൊളിച്ചുനീക്കാമെന്നായിരുന്നു വിധി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായിയുടെയും കെ.വി. വിശ്വനാഥന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. അതായത് ബുള്‍ഡോസര്‍ നീതിയെ വിമര്‍ശിക്കുമ്പോഴും അനധികൃതമായി പൊതുസ്ഥലങ്ങളി‍ല്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ സുപ്രീംകോടതി എതിര്‍ക്കുന്നില്ല എന്നര്‍ത്ഥം.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഭരണഘടന 19,21 എന്നീ വകുപ്പുകള്‍ പ്രകാരം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായി നിരീക്ഷിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതി നടപ്പാക്കുക എന്നത് തന്നെ നിയമവാഴ്ചയില്ലായ്മയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജസ്റ്റിസ് ഗവായി ഓര്‍മ്മപ്പെടുത്തി. “ഒരാളുടെ കെട്ടിടം പൊളിക്കുക എന്നത് എക്സിക്യൂട്ടീവിന്റെ (സര്‍ക്കാര്‍) അധികാരപരിധിയില്‍ വരുന്ന ഒന്നല്ല. അങ്ങിനെ ചെയ്താല്‍ അത് ജുഡീഷ്യറിയെ ലംഘിക്കുന്നതിന് തുല്ല്യമാണ്. നിയമപരമായ പ്രക്രിയകള്‍ പിന്തുടരാതെ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ (എക്സിക്യൂട്ടീവ്) ഒരു കെട്ടിടം പൊളിച്ചാല്‍ അത് നിയമവാഴ്ചയെ തള്ളിക്കളയുന്നതിന് തുല്യമാണ്. സര്‍ക്കാരിന് ഒരിയ്‌ക്കലും ഒരാള്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജഡ് ജിയാകാന്‍ കഴിയില്ല. അത്തരം നടപടികള്‍ നിയമലംഘനമാണ്. നമ്മുടെ ഭരണഘടന നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഒന്നാണ്”- ബുള്‍ഡോസര്‍ വഴി നീതി നടപ്പാക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു.

ജമാ അത്തെ ഉലമ ഇ ഹിന്ദും മറ്റു നിരവധി പേരും ബുള്‍ഡോസര്‍ നീതിയ്‌ക്കെതിരെ നല്‍കിയ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും വിധിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക