പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂരിലെ വിജയം പാലക്കാടും ആവര്‍ത്തിക്കും. സംസ്ഥാനത്ത് എന്‍ഡിഎ മൂന്നാംശക്തിയായി മാറുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികള്‍ പാലക്കാടിന് ലഭിച്ചു. അമൃത് പദ്ധതിയില്‍ 300 കോടിയോളം രൂപ അനുവദിക്കുകയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 109 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. താന്‍ വിജയിച്ചാല്‍ സമാന മാതൃകയില്‍ മൂന്ന് പഞ്ചായത്തുകളുടെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കും.
ഇരുമുന്നണികളും നഗരസഭാ ഭരണത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും നിരവധി നേട്ടങ്ങളാണ് 9 വര്‍ഷത്തിനിടെ ഉണ്ടാക്കിയത്. പാലക്കാടിന്റെ വികസനമാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. പാലക്കാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് കൊണ്ടുവരും. പുതിയ ബൈപ്പാസുകള്‍ പ്രാവര്ത്തിമാക്കും.
ടൗണ്‍ റെയില്‍വേ സ്റ്റേഷനെ ടൂറിസം സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. ഇന്‍ഡസ്ട്രിയില്‍ സ്മാര്‍ട്ട് സിറ്റി വരുന്നതോടെ അരലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.
ടൗണ്‍ഹാള്‍ സംബന്ധിച്ച് എംഎല്‍എ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിനായി നഗരസഭ കൈമാറി. എന്നാല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പു
രാവസ്തു വകുപ്പിന്റെ അനുമതി പത്രം വാങ്ങേണ്ടത് എംഎല്‍എയായിരുന്നു. ഇതിന്റെ പ്ലാനോ, ഫണ്ടോ അനുവദിക്കാതെയാണ് ടൗണ്‍ഹാള്‍ പൊളിച്ചത്. നാലുകോടിരൂപയുടെ നവീകരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇത് നടക്കാത്തതുമൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലുകോടിയിലധികം രൂപയാണ് വാടകയിനത്തില്‍ നഗരസഭയ്ക്ക് നഷ്ടമായത്.
എംഎല്‍എയുടെ അഭിമാന പദ്ധതിയെന്ന് അവകാശപ്പെടുന്ന മോയന്‍സ് സ്കൂളിലെ ഡിജിറ്റൈസേഷന് എങ്ങുമെത്താതെ കിടക്കുകയാണ്. സ്വന്തം പേരിനുവേണ്ടി സര്‍ക്കാര്‍ ഫണ്ടുകളെ ദുരുപയോഗം ചെയ്ത എംഎല്‍എയാണ് ഷാഫിയെന്നും അദ്ദേഹം പറഞ്ഞു. വികസനം സംബന്ധിച്ച് ഷാഫി പറമ്പിലും മന്ത്രി എം.ബി. രാജേഷും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്നും കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.
വഖഫ് ബോര്‍ഡ് ഭൂമി കല്പാത്തി, നൂറണി, പിരായിരി എന്നിവിടങ്ങളില്‍ ഉണ്ടോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ കൂടെയാണോ, അതോ കിടപ്പാടം പിടിച്ചെടുക്കുന്നവരുടെ കൂടെയാണോ എന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കേണ്ടതാണ്.
രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്ന പിഡിപിയുടെയും എസ്ഡിപിഐയുടെയും പിന്തുണ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം ഇരുവര്‍ക്കും ഉണ്ടോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: