ജമ്മു : പാകിസ്ഥാൻ ആഗ്രഹിക്കുന്നതാണ് ജമ്മു കശ്മീരിൽ കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിലെ ചിമൂറിലും പൂനെയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ പരാമർശിച്ചാണ് അദ്ദേഹം കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് സംസാരിച്ചത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ദഹിക്കുന്നില്ലെന്ന് മോദി പറഞ്ഞു.
അതിന്റെ പുനഃസ്ഥാപനത്തിനായി നിയമസഭയിൽ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്ഥാൻ ആഗ്രഹിക്കുന്നത് ചെയ്യുന്നു. അവർ അക്രമത്തിലും വിഘടനവാദത്തിലും രാഷ്‌ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി ജമ്മു കശ്മീർ നിയമസഭയിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യം മുഴുവൻ കണ്ടെന്നും പറഞ്ഞു.
വിഘടനവാദവും തീവ്രവാദവും കാരണം പതിറ്റാണ്ടുകളായി ജമ്മു കശ്മീർ ഇക്കൂട്ടർ കത്തിച്ചു നശിപ്പിച്ചു. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി മഹാരാഷ്‌ട്രയിലെ നിരവധി ജവാൻമാർ ജമ്മു കശ്മീരിൽ ജീവൻ ബലിയർപ്പിച്ചു. കോൺഗ്രസ് ഏർപ്പെടുത്തിയ ആർട്ടിക്കിൾ 370 കാരണമാണ് ഇത് സംഭവിച്ചത്. എന്നാൽ തങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഉടൻ തന്നെ ജമ്മു കശ്മീരിനെ മുഖ്യധാരയുമായി ബന്ധിപ്പിക്കുകയും അവിടെ ഇന്ത്യൻ ഭരണഘടന നടപ്പിലാക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
കൂടാതെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കോൺഗ്രസ് പാകിസ്ഥാന്റെ ഭാഷ സംസാരിക്കുകയാണെന്നും ആർട്ടിക്കിൾ 370 തങ്ങൾ മണ്ണിൽ കുഴിച്ച് മൂടിയതിനാൽ അത് ആർക്കും തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം രാജ്യം ഒരിക്കലും അംഗീകരിക്കില്ല. പക്ഷേ ആർട്ടിക്കിൾ 370 വീണ്ടും നടപ്പാക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കി. ഭരണഘടനാ പുസ്തകങ്ങൾ രാജ്യത്തിന് മുന്നിൽ കാണിക്കുകയും ശൂന്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ കശ്മീരിൽ ബിജെപി ആർട്ടിക്കിൾ 370 റദ്ദാക്കി ത്രിവർണ്ണ പതാക ഉയർത്തിയെന്നും തങ്ങൾ കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയും വിഘടനവാദികളുടെ പദ്ധതികളെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: