സെഞ്ചൂറിയന്‍: സൂര്യകുമാര്‍ യാദവിന് കീഴില്‍ ഭാരതപ്പട ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ട്വന്റി20 പോരിന്. നാല് മത്സര പരമ്പരയില്‍ ഇന്നും ജയിച്ച് ലീഡ് പിടിച്ചെടുക്കാനായിരിക്കും ഇരു ടീമുകളും ഇറങ്ങു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ച് ഒപ്പത്തിനൊപ്പം(1-1) നില്‍ക്കുകയാണ്.
കഴിഞ്ഞ മത്സരം നടന്ന ഖബേര്‍ഹയിലെ അതേ സ്വഭാവമാണ് ഇന്നത്തെ കളി നടക്കുന്ന സെഞ്ചൂറിയനിലേതും. നല്ലപോലെ ബൗണ്‍സും വേഗതയും ലഭിക്കുന്ന പിച്ച് ആണ് ഇവിടത്തേത്. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായെങ്കിലും സഞ്ജു വി. സാംസണിന്റെ ഫോം പ്രതീക്ഷ നല്‍കുന്നതാണ്. ഓപ്പണര്‍മാര്‍ക്ക് പിന്നാലെ മദ്ധ്യനിരയില്‍ നായകന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും കരുതലോടെ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ബിലോ മിഡില്‍ ഓര്‍ഡര്‍ പൊസിഷനിലുള്ള ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും ഫോമിലേക്കുയര്‍ന്നാല്‍ മികച്ച സ്‌കോര്‍ കണ്ടെത്ാന്‍ ഭാരത ടീമിന് സാധിക്കും. കഴിഞ്ഞ കളിയില്‍ ഹാര്‍ദിക് പുറത്താകാതെ 39 റണ്‍സെടുത്ത് മികവ് കാട്ടിയെങ്കിലും ഒത്തിരി പന്തുകള്‍ നേരിട്ടുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
ഭാരതത്തിനായി ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി കസറിയിരുന്നു. താരത്തിന്റെ പ്രകടന മികവില്‍ കഴിഞ്ഞ മത്സരം പരാജയപ്പെടുന്നതിനിടയിലും മികച്ച പോരാട്ടം കാഴ്‌ച്ചവയ്‌ക്കാന്‍ ഭാരതത്തിന് സാധിച്ചിരുന്നു.
ഇന്നത്തെ കളി ജയിക്കാനായാല്‍ ഭാരതത്തിന് 2-1ന് മുന്നിലെത്താം. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടി20 പോരാട്ടം വെള്ളിയാഴ്‌ച്ച ജോഹന്നാസ്ബര്‍ഗില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: