ഉദ്യോഗസ്ഥ തലപ്പത്തെ രണ്ട് ഐഎഎസുകാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി, സംസ്ഥാന ഭരണ സംവിധാനത്തിനു തന്നെ നാണക്കേടാണ്. ഭരണ നിര്‍വഹണം മാത്രമല്ല, മാന്യമായ ഇടപെടലുകളും പെരുമാറ്റവും വാക്കുകളും കൂടി ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നു പൊതുജനം സ്വാഭാവികമായും പ്രതീക്ഷിക്കും. അത് അവരുടെ മാത്രമല്ല, അവര്‍ വഹിക്കുന്ന സ്ഥാനത്തിന്റേയും ഇരിക്കുന്ന കസേരയുടേയും കൂടി മാന്യതയുടെ പ്രശ്നമാണ്. രാഷ്‌ട്രീയ രംഗത്തെ നിലവാരത്തകര്‍ച്ച വാര്‍ത്തയല്ലാതായിക്കഴിഞ്ഞ ഇക്കാലത്തും വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥരില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത് മാന്യതയും പക്വതയും തന്നെയാണ്.
കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്‍. പ്രശാന്തിനും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനുമെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി. ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടി സ്വീകരിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന്‍ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പ്രശാന്തിനെതിരേ നടപടി. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശ ചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്റെ ഫോണുകള്‍ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഐഎഎസുകാരെ രണ്ടോ മൂന്നോ തട്ടില്‍ നിര്‍ത്താന്‍ ഗോപാലകൃഷ്ണന്റെയും പ്രശാന്തിന്റെയും നടപടികള്‍ വഴി വച്ചു എന്നുപറയുന്നതാവും ശരി. മല്ലു മുസ്ലിം അസോസിയേഷനുണ്ടാക്കിയപ്പോള്‍ ഒരപകടവും കാണാത്ത സര്‍ക്കാരാണ് ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ കണ്ടതെന്നതും ശ്രദ്ധേയമാണ്. പ്രശാന്ത് നടത്തിയ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട്. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ പ്രശാന്ത് നടത്തിയ ആരോപണങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദിവസങ്ങളോളം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട പരാമര്‍ശമല്ല പ്രശാന്ത് നടത്തിയത്. ഇതിലൂടെ ഓള്‍ ഇന്ത്യ സര്‍വീസ് കണ്ടക്ട് റൂളിലെ നിരവധി ചട്ടങ്ങളാണ് പ്രശാന്ത് ലംഘിച്ചതെന്നും അതിനാല്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യുന്നതായും’ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ഇതൊക്കെയാണ് പറയുന്നതെങ്കിലും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇപ്പോഴും പ്രശാന്തിന്റെ വാദം. സസ്‌പെന്‍ഷനെതിരേ നിയമ പോരാട്ടം നടത്താനാണ് പ്രശാന്തിന്റെ നീക്കമെന്നും സൂചനകളുണ്ട്. കെ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വിശദീകരണങ്ങളെല്ലാം കളവാണെന്ന് കണ്ടെത്തിയതായും സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഉദ്യോഗസ്ഥതലത്തില്‍ ഭിന്നിപ്പും എതിര്‍പ്പും ക്ഷണിച്ചുവരുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതൊക്കെ നിസ്സാരമായിക്കാണാന്‍ ഒക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: