മുംബൈ: ഏറെ പ്രതീക്ഷകളോടെ 2015 ജനവരിയില്‍ ജനിച്ച ‘വിസ്താര’ എന്ന വ്യോമയാനക്കമ്പനി 2024 നവമ്പര്‍ 11ഓടെ ഇല്ലാതായി. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയറിന്ത്യയില്‍ ലയിച്ചു. ഇന്ത്യയില്‍ എല്ലാവരും നല്ലതെന്ന് പറയുന്ന ഒരു വിമാനക്കമ്പനി തുടങ്ങുക എന്നത് രത്തന്‍ ടാറ്റയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് വിസ്താര എന്ന വിമാനക്കമ്പനി ആരംഭിച്ചതിലൂടെ യാഥാര്‍ത്ഥ്യമായത്. പക്ഷെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം ആ സ്വപ്നം മായുകയാണ്. 2024 നവമ്പര്‍ 11നായിരുന്നു വിസ്താരയുടെ അവസാന വിമാനം പറന്നിറങ്ങിയത്.
വിലക്കുറവില്‍ സേവനം നടത്തുന്ന വിമാനക്കമ്പനികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന സമ്പന്നര്‍ക്ക് മികച്ച പ്രീമിയം സേവനം നല്‍കുന്ന ഒരു വിമാനക്കമ്പനി എന്ന സങ്കല്‍പത്തിലാണ് വിസ്താര എത്തിയത്. എയര്‍ ഏഷ്യയില്‍ ചെറിയൊരു ഓഹരി വാങ്ങിയ ടാറ്റ ഗ്രൂപ്പ് വ്യോമയാനമേഖലയിലേക്ക് രണ്ടാമതും ശക്തമായി കടന്നുവരികയായിരുന്നു വിസ്താരയിലൂടെ. ‘അതിരില്ലാത്ത വിശാലത’ എന്ന അര്‍ത്ഥമുള്ള സംസ്കൃതപദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പേരാണ് കമ്പനിക്ക് നല്‍കിയത്- ‘വിസ്താര’. പേര് അന്വര്‍ത്ഥമാക്കും വിധം ഒമ്പത് വര്‍ഷം കൊണ്ട് ഇന്ത്യയ്‌ക്കകത്ത് സേവനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനിയായി വിസ്താര മാറിയിരുന്നു. എയര്‍ബസ്, ബോയിംഗ് വിമാനങ്ങളുമായി ഏകദേശം 50 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ്താര യാത്രാസേവനം നല്‍കിയിരുന്നു.
ഒമ്പത് വര്‍ഷത്തിനുള്ളില്‍ വിസ്താര എന്ന വിമാനക്കമ്പനി യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഒട്ടേറെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ചിരുന്നു. അതുകൊണ്ടാകാം, വിസ്താരയുടെ യാത്രാനുഭവം അതേ പടി എയറിന്ത്യയില്‍ നിലനിര്‍ത്തുമെന്ന് ടാറ്റാ ഗ്രൂപ്പ് ഉറപ്പ്.നല്‍കുന്നത്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിസ്താര എയറിന്ത്യയില്‍ ലയിക്കുന്നതിലൂടെ രത്തന്‍ ടാറ്റയുടെ സ്വപ്നം കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയാണ് എന്നും പറയാം. കാരണം വിസ്താര കൂടി ലയിക്കുന്നതോടെ എയറിന്ത്യ ഒരു മുഴുവന്‍ റേഞ്ചിലും സേവനം നല്‍കുന്ന വിമാനക്കമ്പനിയായി മാറുകയാണ്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എയറിന്ത്യ എക്സ്പ്രസ് ഉണ്ട്. മികച്ച സേവനങ്ങളും യാത്രാഅനുഭവവും നേടി യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യാന്‍ എയറിന്ത്യയും ഉണ്ട്. ഇതോടെ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 28.9 ശതമാനം ടാറ്റയുടെ എയറിന്ത്യയ്‌ക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക