Sports

ചെസ്സില്‍ ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍! 2800 റേറ്റിംഗ് ഉണ്ടായിട്ടും അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് അരവിന്ദ് ചിദംബരം ചെന്നൈ ജിഎം ചാമ്പ്യന്‍

Published by

ചെന്നൈ: ചെസ്സ് എന്ന ഗെയിം ആകസ്മികതകളുടെ ഗെയിം ആണ്. എത്ര ഉന്നതനായാലും ഒരു ചെറിയ പിഴവില്‍ തട്ടി നിലം പൊത്താം. അതാണ് ചെന്നൈ ഗ്രാന്‍റ് മാസ്റ്റേഴ്സില്‍ സംഭവിച്ചത്. ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം 2800 ഇഎല്‍ഒ പോയിന്‍റ് നേടി ചരിത്രം സൃഷ്ടിച്ച താരമാണ് അര്‍ജുന്‍ എരിഗെയ്സി ലോക റാങ്കിങ്ങില്‍ ഇപ്പോള്‍ നാലാംസ്ഥാനക്കാരനുമാണ് അര്‍ജുന്‍ എരിഗെയ്സി. എന്നിട്ടും പ്രയോജനമൊന്നുമില്ല. ചെന്നൈയിലെ ഗ്രാന്‍റ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്‍റില്‍ അര്‍ജുന്‍ എരിഗെയ്സിയെ അപാരനീക്കങ്ങളിലൂടെ അരവിന്ദ് ചിദംബരം തോല്‍പിക്കുകയായിരുന്നു.

ട്രൊപോവ്സ്കി ഓപ്പണിംഗിലായിരുന്നു അരവിന്ദ് ചിദംബരം കളി തുടങ്ങിയത്. ക്ലാസിക്കല്‍ ഗെയിമുകളില്‍ ഇതവരെ അരവിന്ദ് ചിദംബരത്തെ അര്‍ജുന്‍ എരിഗെയ്സിക്ക് തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലത്രെ. ചില കളിക്കാര്‍ക്ക് ചില കളിക്കാരുടെ ദൗര്‍ബല്യം പെട്ടെന്ന് പിടികിട്ടും. ഉദാഹരണമാണ് ലോകത്ത് ആര്‍ക്കും തോല്‍പിക്കാന്‍ കഴിയാത്ത മാഗ്നസ് കാള്‍സന്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്‍പില്‍ അടിയറവ് പറയുന്നത്. അതുപോലെ അര്‍ജുന്‍ എരിഗെയ്സിയുടെ മര്‍മ്മം അരവിന്ദ് ചിദംബരത്തിന് അറിയാം. ഓര്‍ക്കണം അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗ് 2799 ആണെങ്കില്‍ അരവിന്ദ് ചിദംബരത്തിന്റെ റാങ്കിംഗ് 2706 മാത്രമാണ്. ലോകറാങ്കിങ്ങില്‍ അരവിന്ദ് ചിദംബരം 29 ആണെങ്കില്‍ അര്‍ജുന്‍ എരിഗെയ്സി നാലാം റാങ്കുകാരനാണ്. എന്നിട്ടും അര്‍ജുന്‍ എരിഗെയ്സിക്ക് അടിപതറി. 48 നീക്കത്തിലാണ് അര്‍ജുന്‍ എരിഗെയ്സിയെ അരവിന്ദ് ചിദംബരം കെട്ടുകെട്ടിച്ചത്.

ഇതോടെ ടൂര്‍ണ്ണമെന്‍റില്‍ അരവിന്ദ് ചിദംബരം മുന്നേറി. പക്ഷെ അവസാന റൗണ്ടില്‍ മൂന്ന് പേര്‍ 4.5 പോയിന്‍റുകള്‍ നേടിയിരുന്നു. അരവിന്ദ് ചിദംബരം, അര്‍ജുന്‍ എരിഗെയ്സി, ലെവൊണ്‍ ആരോണിയന്‍ എന്നീ മുന്നുപേര്‍. ഇതോടെ വിജയിയെ തീരുമാനക്കാന്‍ ഇവര്‍ തമ്മില്‍ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ഇതിലും കുലുങ്ങാതെ അരവിന്ദ് ചിദംബരം ഒന്നാമനാവുകയായിരുന്നു. ചാമ്പ്യനെ കണ്ടെത്താന്‍ ഒരേ പോയിന്‍റുള്ള മൂന്ന് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ തമ്മില്‍ ടൈബ്രേക്ക് മത്സരം നടത്തുകയായിരുന്നു. ആദ്യം ലെവൊണ്‍ ആരോണിയന്‍ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ചു. പിന്നീട് അരവിന്ദ് ചിദംബരം ലെവോണ്‍ ആരോണിയനെ തോല്‍പിച്ചു. അതോടെ അരവിന്ദ് ചിദംബരം ചാമ്പ്യനായി.

എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ആണ് ചെന്നൈ ജിഎം ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരച്ചത്. ലോക റാങ്കിങ്ങില്‍ 19ാം സ്ഥാനക്കാരനായ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ്, ലോക റാങ്കിങ്ങില്‍ 28ാം സ്ഥാനക്കാരനായ ഇറാന്റെ പര്‍ഹം മഗ് സൂദലു എന്നിവര്‍ മത്സരിക്കാനുണ്ടായിരുന്നു. എന്തായാലും അരവിന്ദ് ചിദംബരത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക