റാഞ്ചി : കർണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമവാസികളുടെയും മറ്റുള്ളവരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ ബഗ്മാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ അത് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണ്ടന്നാണ് ഹേമന്ത് ബാബുവും രാഹുൽ ഗാന്ധിയും പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, പക്ഷേ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ബിജെപി പാസാക്കും. ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ ജാർഖണ്ഡിൽ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ആവശ്യമായ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം ആദിവാസികളെ അതിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഉറപ്പുനൽകി.
കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ വന്നാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കൂടാതെ ഒബിസി സംവരണത്തിന് കോൺഗ്രസ് എതിരാണെന്ന് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നാല് തലമുറകൾക്ക് നിങ്ങളുടെ സംവരണത്തെ തൊടാൻ കഴിയില്ലെന്നും റാലിയെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.
ജെഎംഎം-രാഹുൽ ബാബ ജാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജാർഖണ്ഡിനെ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാക്കി മാറ്റുമെന്നും ജെഎംഎം-കോൺഗ്രസ് നേതാക്കൾ കൊള്ളയടിക്കുന്ന ഓരോ പൈസയും അതിന്റെ ഖജനാവിലേക്ക് തിരികെ നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: