തിരുവനന്തപുരം: ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ മാത്രമല്ലെന്നും അങ്ങനെ ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുണ്ട്. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും പ്രശാന്ത് പറഞ്ഞു. സസ്പെൻഷൻ ഓർഡർ കൈപറ്റാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.
ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നത്. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടിയ സസ്‌പെന്‍ഷന്‍ ആണ്. ഇത്രയും കാലം സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടും അവിടുന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. സത്യം പറയാന്‍ അവകാശമുണ്ട്. അതിന് ആരും എന്നെ കോര്‍ണര്‍ ചെയ്യേണ്ട കാര്യമില്ല – അദ്ദേഹം വിശദമാക്കി.
സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.പ്രശാന്തിനെതിരെ സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: