കോഴിക്കോട്: ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാനുള്ള ശ്രമം സംഘർഷത്തിന് വഴി വച്ചു. കോഴിക്കോട് ഫറോക്ക് നഗരസഭയിൽ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്.
പാര്‍ട്ടി മാറിയ ശേഷം ആദ്യമായി നടന്ന യോഗത്തിലാണ് കൗണ്‍സിലര്‍ സനൂബിയ നിയാസിനെതിരെ ആക്രമണം ഉണ്ടായത്. കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണം. ആര്‍ജെഡി വിട്ടതിന് ശേഷം ഇവര്‍ക്കെതിരെ പൊതുയോഗവും എല്‍ഡിഎഫ് സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സനൂബി പോലീസിന് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സനൂബിയയുടെ വീടിന് നേർക്ക് കല്ലേറുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ കൂറുമാറിയതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് എല്‍ഡിഎഫിന്റെ വാദം. ശനിയാഴ്ച രാവിലെ പാണക്കാടെത്തിയാണ് സനൂബിയ മുസ്ലീം ലീഗ് അംഗത്വമെടുത്തത്. എൽ.ഡി.എഫിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളാണ് പാർട്ടിയിൽനിന്ന് പുറത്തുകടക്കാൻ പ്രേരണയായതെന്നും ലീഗിന്റെ ജീവകാരുണ്യ സമീപനങ്ങളിൽ ആകൃഷ്ടയായതാണ് മുസ്‌ലിംലീഗിനെ തിരഞ്ഞെടുക്കാൻ കാരണമെന്നും സനൂബിയ പ്രതികരിച്ചു.
2020 ഡിസംബറിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പതിന്നാലാം വാർഡ് കുന്നത്ത്മോട്ടയിൽ എൽ.ജെ.ഡി(ആർ.ജെ.ഡി) സ്ഥാനാർഥിയായാണ് ഇവർ മത്സരിച്ചത്. ആറു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ സൗമ്യ വിനോദിനെ പരാജയപ്പെടുത്തി ജയിച്ചുകയറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: