ഇംഫാൽ: കലാപ കലുഷിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജിരിബാം ജില്ലയിലെ ബോരോബെക്ര പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ അക്രമകാരികളിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഒരു സി.ആർ.പി.എഫ് ജവാന് അക്രമികളുടെ വെടിവയ്‌പിൽ സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക്ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്.
അസാമിന്റെ അതിർത്തി ജില്ലയാണ് ജിരിബാം. കുക്കി സമുദായത്തിൽപ്പെട്ട യുവതി കഴിഞ്ഞയാഴ്ച ഇവിടെ കൊല്ലപ്പെട്ടിരുന്നു. മെയ്തി വിഭാഗക്കാരാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് ആരോപണം. ആയുധങ്ങളുമായി ഇരുവശത്തുനിന്നുമായി പോലീസ് സ്റ്റേഷൻ വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസ് സ്റ്റേഷനു സമീപം മെയ്തി അഭയാർത്ഥി ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യം.
ഏറ്റുമുട്ടൽ രൂക്ഷമായതോടെ പിന്തിരിഞ്ഞ സംഘം പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ മെയ്തി ഗ്രാമത്തിൽ ഒട്ടേറെ വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇവിടെ ആൾക്കാർ കൊല്ലപ്പെട്ടോ എന്ന വിവരം പുറത്തുവന്നിട്ടില്ല. ജിരിബാമിൽ കഴിഞ്ഞ ജൂണിലെ ഏറ്റുമുട്ടലിൽ ഇരു വിഭാഗത്തിലുള്ളവരും കൊല്ലപ്പെട്ടിരുന്നു. അന്നുമുതൽ പ്രദേശം സി.ആർ.പി.എഫ് കാവലിലാണ്.
തിങ്കളാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലും അക്രമസംഭവം അരങ്ങേറിയിരുന്നു. വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കർഷകനാണ് വെടിയേറ്റത്. ഇംഫാൽ താഴ്‌വരയിലെ വയലുകളിൽ പണിയെടുക്കുന്ന കർഷകർക്ക് നേരെ തുടർച്ചയായ മൂന്നാം ദിവസമാണ് കുന്നുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി അക്രമിസംഘം ആക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: