Kerala

മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ മന്ത്രി അബ്ദുറഹിമാനെ മാറ്റിനിര്‍ത്തണം: അബ്ദുള്ളക്കുട്ടി

Published by

കൊച്ചി: മുനമ്പത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടണമെങ്കില്‍ മന്ത്രി അബ്ദുറഹിമാനെ മാറ്റിനിര്‍ത്തണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ,പി. അബ്ദുള്ളക്കുട്ടി അവശ്യപ്പെട്ടു.

മുനമ്പം സമരം കൊണ്ട് ഉണ്ടായിട്ടുള്ള വലിയ നേട്ടം വഖഫ് ഭേദഗതി നിയമത്തിന്റെ ആവശ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ്. 600 കുടുംബത്തിന് വേണ്ടി മാത്രമല്ല, വഖഫ് ട്രിബ്യൂണലിന് മുന്നിലുള്ള 19,000 തര്‍ക്കങ്ങളില്‍ പെട്ട നിസ്സഹായര്‍ക്കും വേണ്ടിയാണ് ഈ സമരമെന്നും അബ്ള്ളക്കുട്ടി പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്‍ മാത്രമാണ് ഇത് വഖഫ് ഭൂമിയാണ് എന്ന് പറയുന്നത്. പിറന്ന മണ്ണ് നിലനിര്‍ത്താന്‍ വേണ്ടി പൊരുതുന്നതിന് നേതൃത്വം നല്‍കുന്ന ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളെന്ന് വിളിച്ചാക്ഷേപിച്ച മന്ത്രിയെ ആദ്യം പുറത്താക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടതെന്ന് മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്‍ പറയുന്നത് മുനമ്പം പ്രശ്‌നം പരിഹരിക്കണം പക്ഷേ, കേന്ദ്രം കൊണ്ടുവരുന്ന വഖഫ് ബില്ല് നിയമമാക്കാന്‍ പാടില്ല എന്നാണ്. ഇതില്‍ എന്ത് യുക്തിയാണുള്ളത്. മുനമ്പത്ത് ഭൂമി പ്രശ്‌നം ഉണ്ടാക്കിയത് വഖഫ് ബോര്‍ഡ് മാത്രമാണ്.

കാഫിറീങ്ങളെ കണ്ടാല്‍ സലാം ചൊല്ലാന്‍ പാടില്ല എന്ന് പറയുന്ന മുസ്ലിം നേതാക്കളുണ്ട് ഭാരതത്തില്‍. അവിടെയാണ് അമുസ്ലിങ്ങള്‍ക്കും ഭൂമി വകുപ്പ് ചെയ്യാം എന്ന ഭേദഗതി കോണ്‍ഗ്രസ് ഉണ്ടാക്കിയത്. പുതിയ ഭേദഗതിയില്‍ ഇത് റദ്ദാക്കുന്നുണ്ട്.

രാജ്യത്ത് 8,75,000 രജിസ്റ്റേര്‍ഡ് വഖഫ് വസ്തുക്കളുണ്ട്. ഇതില്‍ നിന്ന് ഒരു വര്‍ഷം തുച്ഛമായ 160 കോടിയാണ് വരുമാനം. മോദിയുടെ ശ്രമം ഒരു ലക്ഷം കോടി വരുമാനം ഉണ്ടാക്കാനാണ്. ഒരു സംഘം ഭൂമാഫിയ സമുദായത്തിന്റെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാനാണ് കിരണ്‍ റിജിജു പുതിയ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.

കര്‍ണാടകത്തില്‍ വഖഫിന്റെ 29,000 ഏക്കര്‍ ഭൂമിയാണ് വാണിജ്യ ആവശ്യത്തിന് കൊടുത്ത് അന്യാധീനപ്പെട്ടത്. ഭാരതത്തില്‍ ശരീഅത്ത് നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ പല വഖഫ് പ്രമാണിമാര്‍ക്കും കൈകള്‍ ഉണ്ടാവില്ലായിരുന്നു. മുനമ്പത്തുകാര്‍ക്ക് യാതൊരു ബേജാറിന്റെയും ആവശ്യമില്ല. വരുന്ന ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് നിയമമാക്കും. മോദി – അമിത്ഷാ ടീം ഈ ബില്ല് പാസാക്കും, പ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി എംപിമാര്‍ ഇതിന് പിന്തുണ നല്‍കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക