Kerala

കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച മുഹമ്മദ് അത് കൊണ്ടുവന്നിരുന്നത് തായ്ലന്റിൽ നിന്നും

Published by

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുഹമ്മദ് ഉകാഷ് ഇത് എത്തിച്ചിരുന്നത് തായ്ലന്റിൽ നിന്നും. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാളിൽ നിന്നും 940 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. തായ്‍ലാൻറിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നയാളാണ് പിടിയിലായത്. കൊച്ചി വിമാനത്താവളത്തിലെത്തിയ യുവാവിനെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.

ഒരു മാസത്തിനിടെ മൂന്നു തവണ ഇയാൾ തായ്‍ലാൻഡ് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും യുവാവ് കൊച്ചിയിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വിശദമായ പരിശോധനക്ക് ശേഷം പ്രതിയെ എക്സൈസിന് കൈമാറി. മുഹമ്മദ് ഉകാഷ് ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കോഴിക്കോട്ട് കഞ്ചാവ് വിതരണം പതിവാക്കിയ സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക കോബ്രാജ വീട്ടിൽ ജി സി ശ്രീജിത്ത്(30) ആണ് പിടിയിലായത്. രാമനാട്ടുകര മേൽപ്പാലത്തിന് താഴെ വിൽപ്പനക്കായി കൊണ്ട് വന്ന രണ്ട് കിലോഗ്രാം കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങൾ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിനെ കണ്ടെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by